bar
ബാർ

 ലഭ്യമാക്കുന്നത് കൂടിയമദ്യം മാത്രം

കൊല്ലം: ‌ഏതെങ്കിലും ബിവറേജസ് ഔട്ട്ലെറ്റിൽ ടോക്കൺ അനുവദിക്കണേയെന്ന പ്രാർത്ഥനയോടെയാണ് ഇപ്പോൾ പാവപ്പെട്ട കുടിയാന്മാർ ബെവ്ക്യൂ ആപ്പിൽ മദ്യം ബുക്ക് ചെയ്യുന്നത്. ബാറിലാണ് ടോക്കൺ കിട്ടുന്നതെങ്കിൽ തൊട്ടടുത്ത ദിവസം അയാൾക്ക് ഡ്രൈ ഡേ ആയിരിക്കും!. ഭൂരിഭാഗം ബാറുകളിലും പാവപ്പെട്ടവന്റെ കീശയ്ക്ക് പറ്റിയ മദ്യം കിട്ടാനില്ല.

440 രൂപ മാത്രം വിലയുള്ള ഓഫീസേഴ്സ് ചോയ്സ് ബ്രാൻഡി ചോദിക്കുമ്പോൾ ബാറുകളിൽ എടുത്ത് നീട്ടുന്നത് 720 രൂപ വിലയുള്ള സ്മിർണോഫിന്റെ പൈന്റാണ്. അത്രയും കാശ് കൈയിൽ ഇല്ലെന്ന് പറയുമ്പോൾ ഇവിടെ ഇതേയുള്ളുവെന്ന് കടുപ്പിച്ചുള്ള മറുപടി. മറ്റ് ചിലയിടങ്ങളിൽ ചോദിക്കും മുൻപേ പറയും 'ബക്കാർഡി ഗുവാ ഫുൾ 1550 രൂപ, ആന്റിക്വിറ്റി 1560'. പൈന്റിന് 550 രൂപയുള്ള വി.എസ്.ഒ.പിയും 310 രൂപ മാത്രമുള്ള ഓൾഡ് മേയറുമൊക്കെ വാങ്ങാൻ ചെല്ലുന്ന കൂലിപ്പണിക്കാരനും തലയിൽ ഇടിത്തീ വീണപോലെയാണ് ബാറുകളിൽ നിന്ന് വെറും കൈയോടെ മടങ്ങുന്നത്.

ബീവറേജസ് ഔട്ട്ലെറ്റ് കൗണ്ടറുകളിൽ ഇരിക്കുന്നവർക്ക് ആളിനെ കാണുമ്പോൾ അറിയാം കീശയുടെ വലിപ്പം. ഇഷ്ട ബ്രാൻഡ് സ്റ്റോക്കില്ലെങ്കിൽ താത്കാലിക ആശ്വാസത്തിന് കീശയിലൊതുങ്ങുന്ന സാധനം തന്നെ നൽകുന്നുണ്ട്. കുറഞ്ഞ വിലയ്ക്കുള്ള മദ്യം വിറ്റാൽ കാര്യമായ ലാഭം കിട്ടില്ല. അതുകൊണ്ട് ഉയർന്ന വിലയുള്ള മദ്യം മാത്രമേ ബാറുകൾ സ്റ്റോക്ക് ചെയ്യുന്നുള്ളു.

ഇന്നലെ ബെവ്ക്യൂ ആപ്പിന്റെ പോരായ്മകൾ ഒരുപരിധിവരെ പരിഹരിച്ചു. ക്യു.ആർ കോഡ് സ്കാൻ ചെയ്യാൻ കഴിയാത്ത സാഹചര്യം മറികടക്കാൻ ബാറുകൾക്കും ബിവറേജസ് ഔട്ട്ലെറ്റുകൾക്കും അവിടേക്ക് അനുവദിച്ചിട്ടുള്ള ടോക്കൺ ഉമയുടെ പേര് സഹിതമുള്ള ലിസ്റ്റും കൈമാറിയിരുന്നു.

കച്ചവടം അല്പം ഉയർന്നു

ബീവറേജ്സ് ഔട്ട്ലെറ്റുകളിലെ കച്ചവടം ആദ്യ ദിവസത്തേക്കാൾ അല്പം ഉയർന്നു. മദ്യവില്പന തുടങ്ങിയ ദിവസം ശരാശരി എട്ട് ലക്ഷം രൂപയുടെ കച്ചവടമാണ് നടന്നത്. ഇന്നലെ കച്ചവടം 12 ലക്ഷത്തിലേക്ക് ഉയർന്നു. 430 ടോക്കൺ വരെ ഔട്ട്ലെറ്റുകളിൽ ലഭിച്ചു. നേരത്തെ 18 മുതൽ 20 ലക്ഷം രൂപയുടെ കച്ചവടമാണ് ഓരോ ഔട്ട്ലെറ്റിലും ഉണ്ടായിരുന്നത്.

കച്ചവടം

ആദ്യ ദിവസം: 8 ലക്ഷം

ഇന്നലെ: 12 ലക്ഷം

നേരത്തെ: 18- 20 ലക്ഷം

(ഓരോ ഔട്ട്ലെറ്റിലും)

''

ബാറുകളിൽ കുറഞ്ഞ മദ്യം ലഭിക്കുന്നില്ലെന്ന് ആരോപണം വ്യാപകമാണ്. എന്നാൽ ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ല.

എക്സൈസ്