chandrababu
ജി. ചന്ദ്രബാബു

കൊല്ലം: 24 വർഷത്തെ സേവനത്തിന് ശേഷം കൊല്ലം ജില്ലാ ജയിൽ സൂപ്രണ്ടായി വിരമിച്ച ജി. ചന്ദ്രബാബു 1996 ലാണ് സർവീസിൽ പ്രവേശിച്ചത്. ആറ്റിങ്ങൽ, പത്തനംതിട്ട, തിരൂർ, പൊന്നാനി സബ് ജയിലുകൾ, തിരുവനന്തപുരം സ്പെഷ്യൽ സബ്‌ ജയിൽ, തിരുവനന്തപുരം, എറണാകുളം ജില്ലാ ജയിൽ സൂപ്രണ്ടായും പൂജപ്പുര സെൻട്രൽ ജയിലിൽ ഡെപ്യൂട്ടി സൂപ്രണ്ട്, കണ്ണൂർ സെൻട്രൽ ജയിൽ ജോ. സൂപ്രണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഭക്ഷ്യനിർമ്മാണ യൂണിറ്റിന്റെ ചുമതല വഹിച്ചപ്പോൾ തിരുവനന്തപുരം മെഡി. കോളേജിൽ രോഗികൾക്ക് സൗജന്യമായി പൊതിച്ചോറ് വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കാൻ നേതൃത്വം നൽകി. എറണാകുളം ജില്ലാ ജയിൽ സൂപ്രണ്ടായിരിക്കെ ഭക്ഷ്യനിർമ്മാണ യൂണിറ്റ് വിപുലപ്പെടുത്തി. മാസം 7.5 ലക്ഷം രൂപ വീതം ലാഭമുണ്ടാക്കാനായി. ഇതിന് സർക്കാരിന്റെ പ്രത്യേക അഭിനന്ദനം ലഭിച്ചു. കൊല്ലം ജില്ലാ ജയിൽ സൂപ്രണ്ടായി ചുമതലയേറ്റ ശേഷം പൊതുമരാമത്ത് വകുപ്പ്, എം.എൽ.എ ഫണ്ട് എന്നീ മാർഗങ്ങളിലൂടെ 75 ലക്ഷം രൂപയുടെ നിർമ്മാണ, പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി.

ജയിൽ അന്തേവാസികളുടെയും ഉദ്യോഗസ്ഥരുടെയും ചിരകാല ആവശ്യമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടു. ജയിലിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കുഴൽ കിണർ നിർമ്മാണത്തിന് എം. മുകേഷ് എം.എൽ.എയുടെ ഫണ്ടനുവദിച്ച് ആരംഭിച്ച നിർമ്മാണം പലതവണ മുടങ്ങി. സൂപ്രണ്ട് ജി. ചന്ദ്രബാബുവിന്റെ നിരന്തര ഇടപെടലിലൂടെയാണ് കുടിവെള്ള പദ്ധതി വിജയം കണ്ടത്. മികച്ച സേവനത്തിന് ജയിൽ വകുപ്പ് മേധാവിയുടെ മെറിറ്റോറിയസ് അവാർഡ് നാലുതവണ ലഭിച്ചു. 30 ലധികം സത്‌സേവന രേഖയും കാഷ് അവാർഡും ലഭിച്ചിട്ടുണ്ട്.