സഹോദരി പഷ്മിനാ റോഷനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍. പഷ്മിനാ ഏറെ പ്രത്യേകതയുള്ള ഒരാളാണെന്നും, അസാമാന്യമായ പ്രതിഭയാണെന്നുമാണ് ഹൃതിക് കുറിച്ചിരിക്കുന്നത്. നിന്നെ ഞങ്ങള്‍ക്ക് നല്‍കിയതിന് പലപ്പോഴും താന്‍ ദെെവത്തോട് നന്ദിപറയാറുണ്ടെന്നും താരം കുറിച്ചു.
'നിന്നെ ലഭിച്ചതില്‍ ഞങ്ങള്‍ ഭാഗ്യംചെയ്തവരാണ്. എനിക്കുറപ്പുണ്ട് ലോകവും നിന്നെക്കുറിച്ച് വളരെ വേഗം തന്നെ ഇങ്ങനെ ചിന്തിച്ചു തുടങ്ങും'- താരം കുറിച്ചു. സിനിമയിലാണെങ്കിലും അല്ലെങ്കിലും പഷ്മിന ഒരു താരം തന്നെയാണെന്നാണ് ഹൃതിക്കിന്റെ വാക്കുകള്‍.
ഹൃത്വിക്കിന്റെ അച്ഛന്‍ രാകേഷ് റോഷന്റെ സഹോദരനും സംഗീത സംവിധായകനുമായ രാജേഷ് റോഷന്റെ മകളാണ് പഷ്മിന. മുംബൈയില്‍ ആറു മാസക്കാലത്തെ അഭിനയ പഠനം കഴിഞ്ഞിരിക്കുകയാണ് പഷ്മിന. ഇതിനു ശേഷം ജെഫ് ഗോള്‍ഡ്‌ബെര്‍ഗിന്റെ ദ ഇംപോര്‍ട്ടന്‍സ് ഓഫ് ബീയിങ് ഏര്‍ണസ്റ്റ് എന്ന നാടക പ്രൊഡക്ഷന്റെ ഭാഗമായും പ്രവര്‍ത്തിച്ചു. പഷ്മിന സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണെന്നാണ് ബോളിവുഡ് റിപ്പോര്‍ട്ടുകള്‍. ഇതോടെ റോഷന്‍ കുടുംബത്തിലെ നാലാമത്തെ അംഗമാണ് സിനിമയിലേക്കെത്തുന്നത്.