കൊല്ലം: വിദേശ രാജ്യങ്ങൾ, അയൽ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നെത്തി ഗൃഹ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ചിലർ നാടുകാണാനിറങ്ങുന്നത് പ്രതിരോധ പ്രവർത്തനങ്ങൾ താളംതെറ്റിക്കുന്നു. ജില്ലയിൽ വ്യാപകമായി ഗൃഹനിരീക്ഷണ ലംഘനം ഉണ്ടാകുന്നെന്നാണ് വിവരം. രോഗവ്യാപന സാദ്ധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ നിന്ന് നാട്ടിലെത്തിയവർ പോലും വീടിനുള്ളിലിരിക്കാൻ തയ്യാറാകാത്തത് ആരോഗ്യ പ്രവർത്തകരെയും വലയ്ക്കുകയാണ്.
ജമ്മുകാശ്മീരിൽ നിന്നെത്തിയ അഞ്ചാലുംമൂട് സ്വദേശി വീട്ടിലെത്തി രണ്ടാമത്തെ ദിവസം തന്നെ നാട് കാണാനിറങ്ങി. സാമന രീതിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദിവസവും പരാതികൾ ഉയരുന്നുണ്ട്. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നുണ്ട്. സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടവരെ അത്തരത്തിൽ ബലം പ്രയോഗിച്ച് തന്നെ കസ്റ്റഡിയിലെടുക്കുന്നുണ്ട്. നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ചവർ വീടുകളിൽ തന്നെയുണ്ടെന്ന് ഉറപ്പാക്കാൻ പൊലീസിന്റെ ബൈക്ക് പട്രോളിംഗ് വ്യാപകമാക്കിയിട്ടുണ്ട്.
ഇതിനൊപ്പം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കൃത്യമായ ഇടവേളകളിൽ വീടുകളിലെത്തി വിവരങ്ങൾ തിരക്കുന്നുണ്ട്. നിരീക്ഷണം ലംഘിക്കുന്നവരെ നിരീക്ഷണ കാലയളവ് കഴിയുമ്പോൾ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. ഇത്തരക്കാർക്ക് നേരെ കർശന നടപടി സ്വീകരിക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ജില്ലാ പൊലീസ് ചീഫുമാർ നിർദേശം നൽകിയിട്ടുണ്ട്.