അനുവദിച്ച തുക: 135 കോടി
ഒഴിവാക്കിയത്: 30 കോടി
കൊല്ലം: കൊല്ലം നഗരസഭയുടെ വാർഷിക പദ്ധതിയിൽ നിന്ന് 30 കോടിയുടെ പദ്ധതികൾ വെട്ടിച്ചുരുക്കുന്നു. സർക്കാരിൽ നിന്ന് അധികധനസഹായം കിട്ടാത്തതിന് പുറമേ പുതിയ ചില പദ്ധതികൾക്കായി പണം വകയിരുത്തേണ്ടി കൂടിവന്ന സാഹചര്യത്തിലാണ് പദ്ധതി വെട്ടിച്ചുരുക്കി ഭേദഗതി ചെയ്യുന്നത്.
നഗരസഭയുടെ 135 കോടിയുടെ പദ്ധതിക്കാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയിരുന്നത്. ഇതിൽ കഴിഞ്ഞ സാമ്പത്തിക വർഷം നടപ്പിലാകാത്ത സ്പിൽ ഓവർ പദ്ധതികളും ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന നാളുകളിൽ പദ്ധതി നിർവഹണം താറുമാറായതിനാൽ 35 ശതമാനം അധികം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുൻ വർഷങ്ങളേക്കാൾ 25 കോടിയോളം രൂപയുടെ പദ്ധതികൾ അധികമായി തയ്യാറാക്കിയത്. ഈ സഹായം കിട്ടില്ലെന്ന് മാത്രമല്ല സുഭിക്ഷ കേരളം, ക്യു.എ.എസ് കോളനി നവീകരണം എന്നിവയ്ക്ക് പുതുതായി പണം വകയിരുത്തേണ്ടിയും വന്ന സാഹചര്യത്തിലാണ് പദ്ധതി ഭേദഗതി ചെയ്യുന്നത്.
സ്പിൽ ഓവർ പദ്ധതികളും ബഹുവർഷ പദ്ധതികളും ഒഴിവാക്കില്ല. ചെറിയ നിർമ്മാണ പ്രവൃത്തികൾക്കാകും കത്തിവയ്ക്കുക.
സാമ്പത്തിക വർഷത്തെ പ്രധാന പദ്ധതികൾ
ജില്ലാ ടൂറിസം സർക്യൂട്ടിന്റെ നഗരമേഖലയിലെ വികസനം
വിവിധ കേന്ദ്രങ്ങളിൽ സ്റ്റാച്യു പാർക്ക്
തൃക്കടവൂർ പി.എച്ച്.സിയിൽ മാമ്മോഗ്രാം യൂണിറ്റ്
തെരുവിൽ അലയുന്നവർക്ക് പുനരധിവാസ കേന്ദ്രം
റോഡ് പണിയാൻ ആളില്ല
ബി.സി ശൈലയിൽ 21 റോഡുകൾ നവീകരിക്കാൻ നഗരസഭ ടെണ്ടർ ക്ഷണിച്ചെങ്കിലും ആരും കരാറെടുത്തില്ല. കരാറുകാരിൽ പലർക്കും ബി.സി ശൈലി ടാറിംഗിനുള്ള പ്ലാന്റുകൾ ഇല്ലാത്താണ് പ്രശ്നം. ഇത്തരം സംവിധാനങ്ങൾ ഉള്ള വൻകിട ഏജൻസികൾ കരാറുകാരും ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല.