h

 സാധനങ്ങൾ ചാക്കിൽക്കെട്ടിവച്ച നിലയിലും

കൊട്ടിയം: പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് വീട്ടുസാധനങ്ങൾ ഉൾപ്പെടെ കവർന്നു. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസികളായ മൂന്ന് പേർ പിടിയിലായതായി ഇരവിപുരം പൊലീസ് അറിയിച്ചു.

തട്ടാമല വെൺപാലക്കര അപ്സരയിൽ ലോക്കൽ ഫണ്ട് ആഡിറ്റർ ഷൈജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഷൈജു ജോലിയുടെ ഭാഗമായി കുടുംബമായി കോട്ടയത്താണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ ഭാര്യയോടൊപ്പം വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.

വീട്ടിന്റെ ഓടിട്ട ഭാഗം പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ അലമാര കുത്തിത്തുറന്ന് വിലപിടിപ്പുള സാധനങ്ങളും ടി.വി ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങളും കവർന്നു. ഗ്യാസ് സിലിണ്ടർ ഉൾപ്പെടെയുള്ള സാധനങ്ങൾ ചാക്കുകെട്ടുകളിലാക്കി വരുംദിവസങ്ങളിൽ കൊണ്ടുപോകാനുള്ള സൗകര്യത്തിന് ബാത്ത്റൂമിൽ കെട്ടിവച്ച നിലയിലായിരുന്നു.

സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തും സിറ്റൗട്ടിലും വന്നിരിക്കുന്നവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് തൊണ്ടിമുതൽ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.