കൊല്ലം: മദ്യം കിട്ടാത്തതിൽ പ്രകോപിതനായ യുവാവ് ബിവറേജസ് ജീവനക്കാരനെ ബീയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. നീണ്ടകര ബിവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരൻ പന്മന മുല്ലക്കേരി കോച്ചുമാമ്പുഴവീട്ടിൽ മഹേന്ദ്രൻ പിള്ളയ്ക്കാണ് പരിക്കേറ്റത്. നീണ്ടകര വെളിത്തുരുത്ത് അനുലാൽ സദനത്തിൽ അനുലാലിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ മദ്യം വാങ്ങാനെത്തിയ അനിലാലിന്റെ പക്കൽ മദ്യം ഓൺലൈനായി ബുക്ക് ചെയ്തതിന്റെ രേഖകൾ ഉണ്ടായിരുന്നില്ല. രേഖകളില്ലാതെ മദ്യം വേണമെന്ന് തുടരെ ആവശ്യപ്പെട്ട അനിലാലിനെ ജീവനക്കാർ തിരിച്ചയച്ചു. വൈകിട്ട് നാലോടെ വീണ്ടും മദ്യം ആവശ്യപ്പെട്ട് യുവാവ് എത്തിയെങ്കിലും രേഖകളില്ലാതെ മദ്യം നൽകാനാകില്ലെന്ന് ജീവനക്കാർ അറിയിച്ചു. ഇതോടെ പ്രകോപിതനായ യുവാവ് ഔട്ട്‌ലെറ്റിനുള്ളിലേക്ക് ചാടിക്കയറി മദ്യക്കുപ്പിയെടുത്ത് ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. മദ്യം വാങ്ങാനെത്തിയവരും ജീവനക്കാരും ചേർന്ന് യുവാവിനെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റ മഹേന്ദ്രൻപിള്ളയെ തിരുവനന്തപുരം ഐ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.