meals

കൊല്ലം: കൊല്ലം നഗരസഭയുടെ ആറ് സോണലുകളിലും സ്ഥിരം ജനകീയ ഹോട്ടലുകൾ വൈകാതെ യാഥാർത്ഥ്യമാകും. ഉച്ചഭക്ഷണത്തിന് പുറമേ പ്രഭാതഭക്ഷണവും രാത്രിഭക്ഷണവും ലഭ്യമാകും.

കിളികൊല്ലൂർ, കടപ്പാക്കട, തിരുമുല്ലവാരം, കടവൂർ, ക്യു.എ.സി എന്നിവിടങ്ങളിലാണ് നിലവിൽ നഗരത്തിൽ ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. ഇവയിൽ രണ്ടെണ്ണത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ച് ജനകീയ ഹോട്ടലുകൾ ഇല്ലാത്ത സോണലുകളിൽ പുതിയ മൂന്നെണ്ണം ആരംഭിക്കും. ഇപ്പോൾ താത്കാലിക കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നവയ്ക്കും പുതുതായി ആരംഭിക്കുന്നവയ്ക്കും വാടക കെട്ടിടം കണ്ടെത്താനുള്ള ശ്രമം തുടങ്ങി.

 ഉച്ചഭക്ഷണത്തിന് 20 രൂപ മാത്രം

ഉച്ചഭക്ഷണത്തിന് ഇപ്പോഴത്തേത് പോലെ 20 രൂപ ആയിരിക്കും. വീട്ടിലെത്തിക്കാൻ 5 രൂപ കൂടി അധികം നൽകണം. സാധാരണ ഹോട്ടലുകളിലേതിനെക്കാൾ കുറഞ്ഞ വിലയ്ക്കാകും പ്രഭാതഭക്ഷണവും രാത്രി ഭക്ഷണവും നൽകുക.

 ഒരു ഹോട്ടലിന് പ്രതിവർഷം 4 ലക്ഷം

ജനകീയ ഹോട്ടലുകളുടെ പ്രവർത്തനത്തിന് 24 ലക്ഷം രൂപ നഗരസഭസഭ ഇത്തവണത്തെ വാർഷിക പദ്ധതിയിൽ നീക്കിവച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യം ഒരുക്കൽ, വൈദ്യുതി ചാർജ്ജ്, കെട്ടിട വാടക എന്നീ ഇനങ്ങളിൽ ഒരു ഹോട്ടലിന് 4 ലക്ഷം രൂപ വീതമാകും ഓരോ വർഷവും ലഭിക്കുക.

 ഇതുവരെ 40000 പൊതിച്ചോർ

അഞ്ച് ജനകീയ ഹോട്ടലുകൾ വഴി ഇതുവരെ 40000 പൊതിച്ചോറാണ് ഇതുവരെ വില്പന നടത്തിയത്. 10.90 രൂപയ്ക്ക് പൊതുവിതരണ വകുപ്പിൽ നിന്ന് അരി ലഭിക്കുന്നുണ്ട്. ഹോർട്ടികോർപ്പിൽ നിന്ന് കുറഞ്ഞ നിരക്കിൽ പച്ചക്കറിയും. ഒരു ഊണിന് കുടുംബശ്രീ മിഷൻ 10 രൂപ സബ്സിഡി നൽകും. ഇത്രയുംകാലം വിതരണം ചെയ്ത ഭക്ഷണത്തിന്റെ സബ്സിഡിക്ക് അപേക്ഷ നൽകിയിട്ടേയുള്ളു.