സ്‌കൂൾ- കോളേജ് കുട്ടികൾക്ക് ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ
കൊല്ലം: തോരണങ്ങൾ ചാർത്തി സ്‌കൂൾ മുറ്റങ്ങൾ ഒരുങ്ങാതെ, പ്രവേശനോത്സവങ്ങളില്ലാതെ, നവാഗതരുടെ പരിഭ്രമങ്ങളുമില്ലാതെ പുതിയ അദ്ധ്യനവർഷത്തിന് ഇന്ന് തുടക്കം. സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ഇന്നാരംഭിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോളേജുകളിൽ ഈ അദ്ധ്യയന വർഷം മുതൽ പഠന സമയം രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയായി പുനക്രമീകരിച്ചിട്ടുണ്ട്. ഓൺലൈൻ ക്ലാസുകൾ നടത്തുന്നതും ഇതേ സമയക്രമം അനുസരിച്ചാണ്. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കായി വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസുകൾ നടത്തുന്നത്. കുട്ടികളുടെ വിടുതൽ സർട്ടിഫിക്കറ്റുകളുടെ വിതരണം പൂർത്തിയായെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ തുടരുകയാണ്.എല്ലാ കുട്ടികൾക്കും ജൂൺ പത്തിനകം പുസ്തകമെത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. അറിയിപ്പ് ലഭിക്കുന്നത് അനുസരിച്ച് രക്ഷിതാക്കൾ എത്തി പുസ്തകം വാങ്ങണം. സ്വകാര്യ സി.ബി.എസ്. ഇ- ഐ.സി.എസ്.ഇ സ്കൂളുകളിൽ ഓൺലൈൻ അവധിക്കാല ക്ലാസുകൾ തുടങ്ങിയിരുന്നു. ചെറിയ ക്ലാസുകളിലും ഇന്ന് മുതൽ ക്ലാസുകൾ ഉണ്ടാകും.
സ്മാർട്ട് കൊള്ളയുമായി കച്ചവടക്കാർ
ക്ലാസുകൾ ഓൺലൈനായതോടെ വെബ് കാമറ, സ്‌മാർട്ട് ഫോൺ എന്നിവയ്ക്ക് ആവശ്യക്കാരേറി. വെബ് കാമറകൾക്ക് ഇരട്ടി വിലയിലേറെ ഈടാക്കുന്നവെന്ന പരാതിയും വ്യാപകമാണ്. കഴിഞ്ഞ ദിവസം കൊല്ലം നഗരത്തിലെ ഒരു കടയിൽ നിന്ന് വെബ് കാമറ വാങ്ങി മടങ്ങിയ കുടുംബം കാറിലിരുന്ന് വില രേഖപ്പെടുത്തിയിരുന്ന ഭാഗം ചുരണ്ടിയപ്പോൾ യഥാർത്ഥ വില തെളിഞ്ഞുവന്നു. കടയുടമ ഈടാക്കിയത് ഇരട്ടിയിലേറെ തുകയായിരുന്നു. കടയിലേക്ക് വിളിച്ചപ്പോൾ തിരികെ വന്നാൽ പണം താരമെന്നായി കടക്കാരൻ. പതിനായിരം രൂപയിൽ താഴെ വില വരുന്ന സ്മാർട്ട് ഫോണുകൾ ലഭ്യമല്ലെന്നാണ് കടകളിൽ നിന്ന് പൊതുവെ കിട്ടുന്ന മറുപടി.
അദ്ധ്യയന സമയം
രാവിലെ 8.30 മുതൽ
ഉച്ചയ്ക്ക് 1.30 വരെ
കോളേജുകളിലെ ക്രമീകരണം
1. സൂം, ഗൂഗിൾ ക്ലാസ് റൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്ട് ടീം തുടങ്ങിയ സോഫ്ട്‌വെയറുകൾ ഉപയോഗിക്കും
2. ക്ലാസുകൾ റെക്കോർഡ് ചെയ്‌ത് വെബ്സൈറ്റ് വഴിയും നൽകും
3. വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും
4. വീടുകളിൽ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സമീപത്തെ കോളേജുകൾ, ലൈബ്രറികൾ, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സൗകര്യമൊരുക്കും
5. ക്ലാസുകൾ സാധാരണ നിലയിൽ പുനരാരംഭിക്കാൻ കഴിയുന്നത് വരെ ഓൺലൈൻ ക്ലാസ് തുടരും
സ്‌കൂളുകളിൽ ഇങ്ങനെ
1. പൊതുവിദ്യാലയങ്ങളിൽ വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകൾ
2. ക്ലാസുകളുടെ സമയം അദ്ധ്യാപകർ അറിയിക്കും
3. സ്വകാര്യ സി.ബി.എസ്.ഇ- ഐ.സി.എസ്.ഇ സ്കൂളുകളിൽ 9 മുതൽ 12 വരെ ക്ലാസുകളിൽ ഓൺലൈൻ പഠനം തുടങ്ങി
4. ചെറിയ ക്ലാസുകളിലും ഇന്ന് മുതൽ ഓൺലൈൻ പഠനം
5. വിവിധ സോഫ്ട്‌വെയർ ആപ്ലിക്കേഷനുകൾക്കൊപ്പം വാട്സ്ആപ്പ് വരെ ഉപയോഗിക്കുന്നു
6. റെക്കോർഡ് ചെയ്‌ത ക്ലാസുകൾ വാട്സ്ആപ്പിൽ അയച്ച് നൽകിയും പഠനം
''
ഓൺലൈൻ ക്ലാസ് പുതിയൊരു അനുഭവമാണ്. രണ്ട്, മൂന്ന് ക്ലാസുകൾ ഇതിനകം നടത്തി. പുതിയ സംവിധാനത്തോട് പരിചയപ്പെട്ട് വരുന്നു.
എസ്. വൃന്ദ
പി.ജി വിദ്യാർത്ഥിനി, കൊല്ലം