electricity

നടപ്പാക്കുന്നത്: 5 പദ്ധതികൾ

ആകെ ചെലവ്: 140 കോടി രൂപ

03 സബ് സ്റ്റേഷനുകൾ: 110 കെ.വിയാകും

04 കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കും

കൊല്ലം: ഓണാട്ടുകരയിലും പരിസരപ്രദേശങ്ങളിലും ശക്തമായ വൈദ്യുതി വിതരണം ഉറപ്പാക്കാൻ 140 കോടി രൂപയുടെ പദ്ധതികൾ തയ്യാറായി. അഞ്ച് പദ്ധതികളാണ് ഇതിനായി ഒരുങ്ങുന്നുന്നത്. നിലവിലുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ കരുനാഗപ്പള്ളി, ഓച്ചിറ, വള്ളികുന്നം സബ്സ്റ്റേഷനുകളെ 110 കെ.വി ആയി ശേഷി വർദ്ധിപ്പിക്കാനും ഈ നാലു സബ് സ്റ്റേഷനുകളേയും പരസ്പരം ബന്ധിപ്പിക്കാനുമുള്ള തീരുമാനമാണ് എടുത്തിട്ടുള്ളത്.

കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി സബ് സ്റ്റേഷനുകൾ റെയിൽവേ ലൈനിനു പടിഞ്ഞാറായതിനാൽ ഓണാട്ടുകരയുടെ കിഴക്കുള്ള കാപ്പിൽ, ഇലിപ്പക്കുളം, തഴവ, മണപ്പള്ളി ഭാഗങ്ങളിലേക്ക് പുതിയ വൈദ്യുതി ലൈൻ വലിക്കാൻ കഴിയുമായിരുന്നില്ല. കരുനാഗപ്പള്ളി സബ് സ്റ്റേഷനിൽപ്പെടുന്ന ചക്കുവള്ളിവരേയും കായംകുളം, ഓച്ചിറ, വള്ളികുന്നം സബ്സ്റ്റേഷനുകളിലേക്കും വൈദ്യുതി എത്തിക്കാനും ഒരു സംവിധാനം മാത്രമാണ് നിലവിലുള്ളത്. ഈ ലൈനുകൾ തകരാറായാൽ സബ്സ് റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കാൻ സാധിക്കില്ല. ഇതാണ് വൈദ്യുതി വിതരണത്തിന് തടസമായി നിന്നത്.

കരുനാഗപ്പള്ളി സബ്സ്റ്റേഷൻ ഇനി 110 കെ.വി

ശാസ്താംകോട്ടയിൽ നിന്ന് കരുനാഗപ്പള്ളി സബ്സ്റ്റേഷൻ വരെയുള്ള 66 കെ.വി വൈദ്യുതി ലൈൻ 110കെ.വി ആക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ശാസ്താംകോട്ട മുതൽ ചക്കുവള്ളി വരെയുള്ള ഭാഗത്തെ നിർമ്മാണം പൂർത്തിയായി. കരുനാഗപ്പള്ളി സബ് സ്റ്റേഷനിലെ പ്രവർത്തികളും നടക്കുന്നുണ്ട്യ ഈ വർഷം തന്നെ സബ്സ്റ്റേഷൻ 110കെ.വി ആയി ഉയർത്താനാകും.

സബ്സ്റ്റേഷനുകകൾ പരസ്പരം ലിങ്കാകും

മാവേലിക്കരയിൽ നിന്നാണ് നിലവിൽ കായംകുളം സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തുന്നത്. ഈ ലൈൻ തകരാറിലായാൽ കായംകുളം, കൃഷ്ണപുരം, ഓച്ചിറ ഭാഗങ്ങൾ ഇരുട്ടിലാകും. കായംകുളം - കരുനാഗപ്പള്ളി സബ് സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 36 കോടി രൂപയുടെ പദ്ധതിക്ക് പ്രാരംഭ അനുമതിയായി. ഇത് പൂർത്തിയാകുന്നതോടെ കരുനാഗപ്പള്ളിയിൽ നിന്നും 110 കെ.വി. വൈദ്യുതി ലഭ്യമാകും.

ചക്കുവള്ളി മുതലുള്ള ലൈൻ തകരാറിലായാൽ കരുനാഗപ്പള്ളി സബ് സ്റ്റേഷനിലേക്ക് കായംകുളത്ത് നിന്ന് വൈദ്യുതി എടുക്കാനുമാകും. മാവേലിക്കരയിൽ നിന്ന് കരുനാഗപ്പള്ളിവരെയുള്ള 110 കെ.വി ലൈൻ പൂർത്തിയാകുമ്പോൾ കരുനാഗപ്പള്ളി സബ് സ്റ്റേഷന് മൂന്ന് സ്ഥലത്ത് നിന്നും വൈദ്യുതി ഉപയോഗിക്കാൻ കഴിയും. വള്ളികുന്നം കറ്റാനം സബ് സ്റ്റേഷനുകളിലേക്ക് വൈദ്യുതി എത്തിക്കാനുമാകും.

സബ് സ്റ്റേഷന്റെ ശേഷി വർദ്ധിപ്പിക്കും

കായംകുളം കരുനാഗപ്പള്ളി സബ്സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതി പൂർത്തിയാവുമ്പോൾ രണ്ട് സ്ഥലത്തു നിന്നും വൈദ്യുതി ലഭിക്കുന്ന നിലയിൽ ഓച്ചിറ സബ് സ്റ്റേഷൻ വികസിക്കും. മാവേലിക്കരയിൽ നിന്നും ശാസ്താംകോട്ടയിൽ നിന്നും വൈദ്യുതി ലഭിക്കുന്ന വിധത്തിലാണ് വള്ളികുന്നം സബ് സ്റ്റേഷന്റെ വികസനം. നിലവിൽ 33 സബ് സ്റ്റേഷനുകളായ ഇവയെ 11കെ.വി ആയാണ് ഉയർത്തുന്നത്.

.....................................

ഭരണാനുമതിയായ പദ്ധതികളുടെ ഇ ടെണ്ടർ നടപടികളായിട്ടുണ്ട്. മറ്റ് പദ്ധതികൾ അനുമതിയുടെ വിവിധ ഘട്ടങ്ങളിലാണ്. അഞ്ച് പദ്ധതികൾ പൂർത്തിയാകുന്നതോടെ ഓണാട്ടുകരയിലും പരിസര പ്രദേശത്തും ഇരുപത് വർഷത്തേക്ക് ആവശ്യമായ നിലയിൽ പ്രസരണ മേഖല സുശക്തമാകും.

ആർ.സുകു, വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ