അഞ്ചൽ: ഉത്രകൊലക്കേസിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ഭർത്താവ് സൂരജ്, പാമ്പ് സുരേഷ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇന്ന് പുനലൂർ ഫോറസ്റ്റ് കോടതിയിൽ അപേക്ഷ നൽകും. ഇരുവർക്കുമെതിരെ വനം വന്യജീവി നിയമപ്രകാരം അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇവരെ കസ്റ്റഡിയിൽ വാങ്ങി അഞ്ചലിലെ ഉത്രയുടെ വീട്, സൂരജിന് പാമ്പിനെ നൽകിയ സുരേഷിന്റെ വീട്, അടൂർ പറക്കോട്ടെ സൂരജിന്റെ വീട്, പാമ്പിനെ കൈമാറിയ പ്രദേശങ്ങൾ എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കും. അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജയന്റെ നേതൃത്വത്തിൽ ഉത്രയുടെ ബന്ധുക്കളിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം ഏറെത്തെ വീട്ടിൽ വിശദമായ പരിശോധന നടത്തിയിരുന്നു.
പാമ്പിന് വീടിന്റെ ഭിത്തിയിലൂടെ ഇഴഞ്ഞ് ഉത്ര കിടന്ന മുറിയുടെ ജനൽ വഴി അകത്ത് കയറാൻ കഴിയുമോ, കതകിന്റെ താഴെയുള്ള വിടവിലൂടെ മുറിയിൽ കടക്കാൻ പറ്റുമോ, വീടിന്റെ പരിസരങ്ങളിൽ ഇഴജീവികളുടെ സാന്നിദ്ധ്യമുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. ഉത്ര കേസിന്റെ പശ്ചാത്തലത്തിൽ പാമ്പിനെ പിടികൂടി ദുരുപയോഗം ചെയ്യുന്നത് തടയാൻ കർശന നിയമ നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് തീരുമാനിച്ചു.
പരിശോധനാ ഫലം ഒരാഴ്ചയ്ക്കകം
തിരുവനന്തപുരത്തെയും ഡൽഹിയിലെയും സയന്റിഫിക് ലാബുകളിൽ പരിശോധനയ്ക്ക് അയച്ച ഉത്രയെ കടിച്ച മൂർഖൻ പാമ്പിന്റെ എല്ല്, വിഷപ്പല്ല് എന്നിവയുടെ പരിശോധനാഫലം ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കും.