വീടുകളിൽ ഡ്രൈ ഡേ ആചരണം
കൊല്ലം: കൊവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ സമ്പൂർണ ലോക്ക് ഡൗണിനോട് ജനങ്ങൾ പൂർണമായി സഹകരിച്ചതോടെ ഇന്നലെ ജില്ല ഏതാണ്ട് നിശ്ചലമായി. പൊതുഗതാഗത സംവിധാനങ്ങളൊന്നും പ്രവർത്തിച്ചില്ല. സ്വകാര്യ വാഹനങ്ങളും വിട്ടുനിന്നതോടെ നിരത്തുകൾ വിജനമായി.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കും ഹോട്ടലുകൾക്കും പ്രവർത്തനാനുമതി ഉണ്ടായിരുന്നെങ്കിലും ഭൂരിപക്ഷം സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. കർശന നിയന്ത്രണങ്ങൾക്ക് സർക്കാർ നിർദേശം ഉണ്ടായിരുന്നെങ്കിലും നിരത്തുകളിൽ പൊലീസ് പരിശോധന കുറവായിരുന്നു. ജില്ലാ ആസ്ഥാനമായ കൊല്ലത്തെ ചിന്നക്കടയിൽ ഉൾപ്പെടെ കാര്യമായ പൊലീസ് സാന്നിദ്ധ്യവും പരിശോധനയും ഉണ്ടായിരുന്നില്ല.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതു സ്ഥലങ്ങളിൽ മഴക്കാല പൂർവ ശുചീകരണം നടത്തുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും പങ്കാളിത്തം ഉറപ്പ് വരുത്തിയില്ല. പക്ഷേ സർക്കാർ നിർദേശം ഉൾക്കാണ്ട പൊതുജനങ്ങൾ വീടുകളിൽ മഴക്കാല പൂർവ ശുചീകരണവും ഡ്രൈ ഡേ ആചരണവും നടത്തി. മഴവെള്ളം കെട്ടിക്കിടക്കാൻ സാദ്ധ്യതയുള്ള കുപ്പികൾ, ചിരട്ടകൾ എന്നിവ മാറ്റിയതിനൊപ്പം മാലിന്യങ്ങൾ നീക്കം ചെയ്യാനും കുടുംബാംഗങ്ങൾ ഒന്നിച്ച് സമയം കണ്ടെത്തി. ഇതിന്റെ ചിത്രങ്ങൾ മിക്കവരും സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചതും ശ്രദ്ധേയമായി.