കൊല്ലം: മൂർഖൻ പാമ്പിനെകൊണ്ട് കൊത്തിച്ച് ഭർത്താവ് സൂരജ് കൊലപ്പെടുത്തിയ അഞ്ചൽ ഏറം വെള്ളശേരിൽ ഉത്രയുടെ ആഭരണങ്ങൾ സൂക്ഷിക്കുന്ന അടൂരിലെ ബാങ്ക് ലോക്കർ ഇന്ന് അന്വേഷണ സംഘം തുറക്കും. വിവാഹ സമയത്ത് ഉത്രയുടെ കുടുംബം നൽകിയ 98 പവന്റെ ആഭരണങ്ങൾ അടൂരിലെ ബാങ്ക് ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്.
സ്വർണം സൂരജ് എടുത്തിട്ടുണ്ടെന്ന സംശയം കൊലപാതക ശേഷം ഉത്രയുടെ കുടുംബം ഉന്നയിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് പരിശോധനയുടെ ലക്ഷ്യം.
ഇന്ന് രാവിലെ പതിനൊന്നോടെ കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകന്റെ നേതൃത്വത്തിലുള്ള സംഘം ബാങ്കിലെത്തും. ബാങ്കിലെ തെളിവെടുപ്പിന് സൂരജിനെ ഒപ്പം കൂട്ടണോ എന്ന കാര്യം അന്വേഷണ സംഘം തീരുമാനിച്ചിട്ടില്ല. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അഞ്ചൽ ഏറത്തെ ഉത്രയുടെ കുടുംബ വീട്ടിലെത്തി ഇന്നലെ രാവിലെ ബന്ധുക്കളുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഉത്രയുടെ അച്‌ഛൻ, അമ്മ, സഹോദരൻ,പരിസര വാസികൾ എന്നിവർ ഉൾപ്പെടെ 15 പേരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് കസ്റ്റഡിയിൽ കഴിയുന്ന സൂരജും സഹായി പാമ്പ് സുരേഷും അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ്.
സൂരജിന്റെ അച്ഛനെ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ബാങ്ക് ലോക്കർ തുറന്ന് കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം സൂരജിന്റെ അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്യും.