ഓയൂർ: കാസർകോട്ട് നിന്നെത്തി കരിങ്ങന്നൂർ അഞ്ഞൂറ്റിനാലിലുള്ള സുഹൃത്തിന്റെ വീട്ടിൽ താമസിച്ചുവന്ന ഓടനാവട്ടം സ്വദേശികളായ നാലുപേരെ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പൊലീസ് മാറ്റി താമസിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. കരിങ്ങന്നൂർ അഞ്ഞൂറ്റിനാലിൽ ഓടനാവട്ടം സ്വദേശിയായ ഒരാളും മണികണ്ഡേശ്വരം സ്വദേശിയായ രണ്ടുപേരും എഴുകോൺ സ്വദേശിയായ മറ്റൊരാളുമാണ് വീട്ടിലുണ്ടായിരുന്നത്. കൊവിഡ് വ്യാപന സാദ്ധ്യതയുണ്ടെന്ന വിവരം സമീപവാസികൾ പൂയപ്പള്ളി പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസെത്തി ഇവരെ വീടുകളിലേക്ക് മടക്കിഅയച്ചു. കരിങ്ങന്നൂർ അഞ്ഞൂറ്റിനാല് സ്വദേശിയുടെ സുഹൃത്തായ നിർമ്മാണ കോൺട്രാക്ടറാണ് കഴിഞ്ഞ ദിവസം രാത്രിയിൽ വാഹനത്തിൽ നാലുപേരെ ഇവിടെ താമസിപ്പിച്ചതെന്ന് നാട്ടുകാർ പറയുന്നു.