തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ആളും ആരവവും ആനകളുമില്ലാതെ ചരിത്രത്തിലേക്ക് നിശ്ശബ്ദം ചേക്കറി. കുടമാറ്റവും ഇലഞ്ഞിത്തറ മേളവും കൂട്ടപ്പൊരിച്ചിലുമെല്ലാം ജനലക്ഷങ്ങളുടെ മനസിൽ ഓർമ്മച്ചിത്രം മാത്രമായി ശേഷിച്ചു. രണ്ടു നൂറ്റാണ്ടിലേറെക്കാലമായുളള തൃശൂർ പൂരം, മുൻ കാലങ്ങളിൽ മുടങ്ങിയപ്പോഴെല്ലാം ഒരാനപ്പുറത്ത് എഴുന്നള്ളത്ത് ആചാരമായി നടത്തിയിട്ടുണ്ട്. ഇന്നലെ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിൽ നടന്നത് അഞ്ചു പേരുടെ സാന്നിദ്ധ്യത്തിലുളള താന്ത്രിക ചടങ്ങ് മാത്രം. ഒരു ആനയെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. നാലുതവണ മാത്രം മുടങ്ങിയിട്ടുള്ള പൂരാഘോഷം, ഇക്കുറി സമ്പൂർണമായും മുടങ്ങി.
രണ്ടു ക്ഷേത്രങ്ങളിലും കുളത്തിൽ ആറാട്ട് നടന്നു. പുറത്തേക്കുള്ള എഴുന്നള്ളിപ്പ് ഉണ്ടായില്ല. തന്ത്രിമാരുടെ കാർമ്മികത്വത്തിൽ ശ്രീഭൂതബലി അടക്കമുളള പൂര ദിവസത്തെ ചടങ്ങുകൾ പൂർത്തിയാക്കി പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രനടകൾ ഒമ്പത് മണിക്ക് അടച്ചതോടെ, വിട ചൊല്ലുകയായിരുന്നു, പൂരം. ഇന്നും ആറാട്ട് നടക്കും. ദേവിമാരുടെ വിട ചൊല്ലലില്ലാതെ പൂരം കൊടിയിറങ്ങും.
പൂരത്തിന് സാക്ഷ്യം വഹിക്കുന്ന വടക്കുന്നാഥ ക്ഷേത്രത്തിൽ രാവിലെ എട്ടരയോടെ പ്രധാന നടപ്പുര അടച്ചു. പ്രസിദ്ധമായ തെക്കേ ഗോപുരനട തുറന്നില്ല. പൂരത്തിൽ പങ്കാളികളായ എട്ട് ഘടക ക്ഷേത്രങ്ങളും അടഞ്ഞുകിടന്നു. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഭക്തർക്ക് പ്രവേശനം അനുവദിച്ചില്ല. കൊടിയേറ്റവും കർശന നിയന്ത്രണങ്ങളോടെ ദേശക്കാരെ ഒഴിവാക്കിയാണ് നടന്നത്. പൂരത്തിന് തുടക്കം കുറിച്ച്, നേരം പുലരുമ്പോൾ കണിമംഗലം ശാസ്താവെത്തുമ്പോൾ തന്നെ പതിനായിരങ്ങൾ തേക്കിൻകാട്ടിൽ നിറയാറുണ്ട്. എന്നാൽ, ഇന്നലെ രാവിലെ അക്ഷരാർത്ഥത്തിൽ കാട് പോലെ വിജനമായിരുന്നു തേക്കിൻകാട്. ഉച്ചയായപ്പോഴാണ് ആളനക്കമുണ്ടായത്. ജനലക്ഷങ്ങൾ ആരവം മുഴക്കുന്ന, തെക്കോട്ടിറക്കവും കുടമാറ്റവും നടക്കുന്ന സന്ധ്യാ നേരവും നിശ്ശബ്ദം.
ആനച്ചൂര് പോലും മാഞ്ഞുപോകുന്ന പൂരപ്പറമ്പിനെ നോക്കി പ്രതീക്ഷയോടെ, 'അടുത്ത കൊല്ലത്തെ പൂരം മ്മ്ള് പൊരിക്കും' എന്ന് മനസിൽ ഉരുവിടുന്നുണ്ട് ചിലർ. മൊബൈലിലും ടി.വിയിലുമുളള പോയ കാലത്തെ പൂരത്തിന്റെ ഇരമ്പത്തിനൊപ്പമായിരുന്നു മറ്റു ചിലർ.