മാള: നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ വർദ്ധിച്ചതിനെ തുടർന്ന് ഈ മേഖലയിൽ പ്രതിസന്ധി രൂക്ഷം. ലോക്ക് ഡൗൺ വരുന്നതിന് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ വലിയ വർദ്ധനവാണ് ഇപ്പോഴുള്ളത്. എം സാൻഡ്, മെറ്റൽ, കരിങ്കല്ല് എന്നിവയ്ക്ക് വില വർദ്ധനവിനൊപ്പം ക്ഷാമവുമുണ്ട്. തൃശൂർ ജില്ലയിൽ നിലവിൽ ക്വാറികൾ പ്രവർത്തിക്കാത്തതും നിർമ്മാണ മേഖലയെ ബാധിച്ചിട്ടുണ്ട്. സിമന്റിന് ബാഗൊന്നിന് 40 മുതൽ 50 രൂപ വരെയാണ് വർദ്ധിച്ചത്. കമ്പികൾക്ക് കിലോഗ്രാമിന് അഞ്ച് രൂപയുടെ വർദ്ധനവ് ഉണ്ടായി. എന്നാൽ ഈ കൂടിയ നിരക്കിൽ പല കച്ചവടക്കാരും സ്റ്റോക്കും ചെയ്തിട്ടില്ല. കടകളിൽ പുതിയ സ്റ്റോക്ക് എത്തിയപ്പോഴാണ് ഈ വില വർദ്ധനവ് പ്രകടമായത്. ഈ വില വർദ്ധനവുകളും സാമഗ്രികളുടെ ക്ഷാമവും സർക്കാർ മേഖലയിൽ അടക്കമുള്ള നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചേക്കും. കരിങ്കല്ല് ക്വാറിയിൽ നിന്ന് ഒരു യൂണിറ്റിന് 2,000 രൂപയ്ക്ക് ലഭിച്ചിരുന്നു. ഉപഭോക്താവിന് ദൂരത്തിനനുസരിച്ച് 3,000 മുതൽ 3,500 രൂപയ്ക്ക് വരെയാണ് ലഭിച്ചിരുന്നത്. ഇപ്പോൾ ജില്ലയിൽ ക്വാറികൾ പ്രവർത്തിക്കാത്തതിനാൽ മറ്റു സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരുന്ന കരിങ്കല്ലിന് തോന്നിയ പോലെയാണ് വില ഈടാക്കുന്നത്.

വില ലോക്ക് ഡൗണിന് മുമ്പും ശേഷവും (ഒരടിക്ക്)

എംസാൻഡ് വില : 32 മുതൽ 35.

ഇപ്പോൾ 45 മുതൽ 50 വരെ

മെറ്റലിന് വില: 28 മുതൽ 30 വരെ.

40 മുതൽ 45 വരെ

എം സാൻഡ് 7000 രൂപ (യൂണിറ്റിന്)

മെറ്റലിന് 6000 രൂപ

..............

ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ ഉണർന്നുതുടങ്ങിയ നിർമ്മാണ മേഖലയെ പിന്നോട്ടടിക്കുന്നതാണ് നിർമ്മാണസാമഗ്രികളുടെ വിലവർദ്ധനവും ക്ഷാമവും.

ജോഷി പെരെപ്പാടൻ

ചുമട്ടുതൊഴിലാളി യൂണിയൻ

(ഐ.എൻ.ടി.യു.സി.)

കൊടുങ്ങല്ലൂർ നിയോജകമണ്ഡലം പ്രസിഡന്റ്.