sangam

മലയോര മേഖലയിൽ പരിശോധന നടത്തിയ സംയുക്ത പരിശോധന സംഘം

കല്ലൂർ:ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മലയോര മേഖലയിൽ വ്യാജവാറ്റ് വ്യാപകമാണെന്ന പരാതിയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് മലയോര പാതയിലൂടെ ജനങ്ങൾ പ്രവേശിക്കുന്നത് തടയുന്നതിനും വേണ്ടി പൊലീസ്, എകെസ്സ്, വനംവകുപ്പുകൾ സംയുക്ത പരിശോധന നടത്തി. വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ മലയോരമേഖലകളായ കള്ളായി, മുട്ടിതടി പാലപ്പിള്ളി, മന്ദലംകുന്ന്, പിച്ചാപ്പിള്ളി, എന്നീ പ്രദേശങ്ങളിൽ ഡ്രോണിന്റെ സഹായത്തോടെയായിരുന്നു നിരീക്ഷണം.145 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പരിശോധനയിൽ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കല്ലൂർ ചിറപുറത്തു വീട്ടിൽ ഗോപാലന്റെ മകൻ ബാബുവിനെ(49)വിനെ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഇയാൾ പാട്ടത്തിനെടുത്തു നടത്തുന്ന വീടിനോടു ചേർന്ന വാഴ തോട്ടത്തിലായിരുന്നു ചാരായം വാറ്റാനായി വാഷ് സൂക്ഷിച്ചിരുന്നത്. എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജിജു ജോസ്, വരന്തരപ്പിള്ളി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ജയകൃഷ്ണൻ, പാലപ്പള്ളി റേഞ്ച് ഓഫീസർ കെ.പി. പ്രേം ഷെമിർ, സബ്ഇൻസ്‌പെക്ടർ ഐ.സി. ചിത്തരഞ്ജൻ, സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ കെ.കെ. വിശ്വനാഥൻ, വിമുക്തി കോ.ഓഡിനേറ്റർ കെ.കെ. രാജു, എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിരീക്ഷണം. ജില്ലയിലാദ്യമായാണ്‌ സംയുക്ത പരിശോധന നടന്നത്.