വാടാനപ്പിള്ളി: ചേറ്റുവ പുഴയിലെ ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്യും. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധസംഘം പ്രദേശത്ത് സന്ദർശനം നടത്തി. ഓഖി ചുഴലിക്കാറ്റിന്റെ ഭാഗമായി അറബിക്കടലിൽ നിന്ന് കനോലിക്കനാലിലേക്ക് അടിഞ്ഞുകൂടിയതും കഴിഞ്ഞ പ്രളയത്തിൽ ഒഴുകിയെത്തിയതുമായ അവശിഷ്ടങ്ങൾ സംഭരണശേഷിയെ ബാധിച്ചിരുന്നു. ഇതോടെ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടു. കൂടാതെ എല്ലാ നദികളിലെയും വെള്ളം കടലിൽ എത്താനുള്ള മാർഗ്ഗം ചേറ്റുവ അഴിമുഖമാണ്. ഇതിന്റെ ഗൗരവം യഥാസമയം ജില്ലാ ഭരണകൂടത്തെ അറിയിക്കാൻ ഏങ്ങണ്ടിയൂർ പഞ്ചായത്തിന് കഴിഞ്ഞതാണ് നടപടി വേഗത്തിലാവാൻ കാരണം. ആദ്യഘട്ടത്തിൽ അഴിമുഖത്തെ മണൽ കൂന നീക്കം ചെയ്ത് ചേറ്റുവ മുതൽ പുളിഞ്ചോട് വരെ ചാല് ഉണ്ടാക്കാനുള്ള ശ്രമമാണ് ആദ്യം നടക്കുക. ചാവക്കാട് തഹസിൽദാർ രാജേഷ്, പഞ്ചായത്ത് പ്രസിഡന്റ് പി.എൻ ജ്യോതിലാൽ, വൈസ് പ്രസിഡന്റ് ബീന ശശാങ്കൻ, ഡോ എ.ബി അനുത, കെ.ഇ. ആർ പീച്ചി ഡയറക്ടർ ഡോ. രശ്മി തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.