തൃശൂർ: മേളപ്പെരുക്കമില്ലാതെ ഇലഞ്ഞിമരച്ചുവട്. പടർന്നു പന്തലിച്ചു നിൽക്കുന്ന ഇലഞ്ഞി മരച്ചുവട് ഇന്നലെ ആളനക്കവും ആരവവും ഇല്ലാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു.

കൊവിഡ് വൈറസ് പൂരാഘോഷത്തെ തട്ടിയെടുത്തപ്പോൾ വീണുടഞ്ഞത് ഒരു വർഷമായി മേളാസ്വാദകർ മനസിൽ താലോലിച്ചു നടന്നിരുന്ന മേളപ്രപഞ്ചത്തിന്റെ മാസ്മരിക ലഹരിയായിരുന്നു. 250 ഓളം വാദ്യ കലാകാരന്മാർ ഒരേ മനസോടെ തീർക്കുന്ന മേള സിംഫണി ആസ്വദിക്കാൻ വിദേശികളടക്കം പുരുഷാരമാണ് വന്നണയാറ്.

തത്സമയം എത്തിക്കുന്ന ചാനലുകളുടെ തിരക്കും ഇന്നലെ കാണാനായില്ല. ഇലഞ്ഞിത്തറ മേളത്തിന്റെ നഷ്ടത്തെ എങ്ങനെ പറയണമെന്ന് അറിയില്ലെന്ന് 99 മുതൽ പ്രമാണം വഹിക്കുന്ന പെരുവനം കുട്ടൻ മാരാർ പറയുന്നു.

കൂടുതൽ ആവേശത്തോടെ അടുത്ത വർഷം പൂരം നടത്താൻ കഴിയണേയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. വടക്കുന്നാഥന്റെ മതിലകത്തു കുട്ടൻ മാരാരും പുറത്തു നായ്ക്കനാലിൽ തിരുവമ്പാടി ഭഗവതിക്കൊപ്പം കിഴക്കൂട്ട് അനിയൻ മാരാരും തീർക്കുന്ന പാണ്ടിയുടെ സൗരഭ്യവും നഷ്ടമായതിന്റെ നിരാശയിലാണ് പൂരാസ്വാദകർ.