മാള: എല്ലായിടത്തെയും അംഗണവാടികൾ കളർ ഫുള്ളായപ്പോൾ പാറപ്പുറത്തുകാർക്ക് ഉണ്ടായിരുന്ന പരിഭവം ഇല്ലാതാക്കാൻ കൊവിഡ് 19 വേണ്ടിവന്നു. ഇനി അംഗണവാടി തുറക്കുമ്പോൾ കുട്ടികളെ കാത്തിരിക്കുന്നത് വർണ മനോഹരമായ കാഴ്ചകളാണ്.
ലോക്ക് ഡൗണിൽ പഠനം മുടങ്ങി വീട്ടിൽ കഴിയുന്ന ബി.എ.എം.എസ് അവസാന വർഷ വിദ്യാർത്ഥിനി വർഷ സുരേഷാണ് അംഗൻവാടിയെ ചിത്രങ്ങളാൽ വർണ മനോഹരമാക്കിയത്. കുഴൂർ പഞ്ചായത്തിലെ പാറപ്പുറം അംഗണവാടിയുടെ അകത്തും പുറത്തുമായി പന്ത്രണ്ടിലധികം ചിത്രങ്ങളാണ് വരച്ചത്. കാർട്ടൂണുകൾ, ടോം ആൻഡ് ജെറി, അക്ഷരമാല, മിക്കി മൗസ് വിവിധ മൃഗങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങളാണ് ഭിത്തികളിൽ തെളിഞ്ഞിരിക്കുന്നത്.
ഏഴു ദിവസം കൊണ്ടാണ് ഇത്രയും ഒരുക്കിയതെന്നും വീടിന്റെ ഭിത്തികളിലും ഈ ലോക്ക് ഡൗൺ അവസരത്തിൽ നിറയെ ചിത്രങ്ങൾ വരച്ചിട്ടുണ്ടെന്നും വർഷ സുരേഷ് പറഞ്ഞു. മംഗലാപുരത്ത് കർണ്ണാടക ആയുർവ്വേദ മെഡിക്കൽ കോളേജിൽ അവസാന വർഷ ബി.എ.എം.എസ് വിദ്യാർത്ഥിയായ വർഷ സുരേഷ് പരീക്ഷയ്ക്ക് മുന്നോടിയായി പഠന അവധിക്ക് വീട്ടിലെത്തിയതാണ്. അതിനിടയിലാണ് നിരവധി ചിത്രങ്ങൾക്ക് ജീവൻ പകർന്നത്. സ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ മാത്രമാണ് ചിത്രം വരച്ചുള്ള പരിചയമുള്ളതെങ്കിലും ആ സർഗാത്മക കഴിവ് പൊടി തട്ടിയെടുക്കാൻ ഈ കൊറോണക്കാലം സഹായിച്ചു.