എരുമപ്പെട്ടി: ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായ കുന്നംകുളം വടക്കാഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസ് തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയുടെ വക്കിൽ.റൂട്ടിൽ 80 ഓളം സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. ഡ്രൈവർ, കണ്ടക്ടർ, ക്‌ളീനർ ഉൾപ്പെടെ ഇരുനൂറിലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.
കൊവിഡ് വ്യാപനം തുടങ്ങിയതോടെ യാത്രക്കാർ കുറഞ്ഞു, ബസുകളിൽ പലതും കയറ്റിയിട്ടു. ലോക്ക് ഡൗൺ സാഹചര്യത്തിൽ പൂർണ്ണമായും ബസുകളുടെ ഓട്ടം നിലച്ചതോടെ തൊഴിലാളികൾ പ്രതിസന്ധിയിലായി. ദിവസവും ആയിരം രൂപയിൽ താഴെ കൂലി ലഭിച്ചിരുന്ന തൊഴിലാളികൾ ഒന്നര മാസത്തോളമായി പണിയില്ലാതായതോടെ പട്ടിണിയുടെ വക്കിലാണ്.
പത്ത് വർഷത്തിൽ കൂടുതൽ ഈ റൂട്ടിൽ ജോലി ചെയ്യുന്നവരാണ് തൊഴിലാളികളിൽ അധികവും. എന്നാൽ ഭൂരിഭാഗം തൊഴിലാളികളും ലേബർ വകുപ്പിന്റെ കണക്കിൽപ്പെടാത്തവരാണ്. നാൽപ്പതിൽ താഴെ വരുന്ന തൊഴിലാളികളെ മാത്രമാണ് ബസുടമകൾ ലേബർ വകുപ്പിന്റെ കണക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതിനാൽ കുറച്ചുപേർ മാത്രമാണ് ക്ഷേമനിധി ബോണസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് അർഹരായിട്ടുള്ളത്.
സർക്കാരിന്റെ കണക്കിൽ ഉൾപ്പെടാത്തതിനാൽ ഇടക്കാല ആശ്വാസമായി പ്രഖ്യാപിച്ച 5000 രൂപയും ഭൂരിഭാഗം തൊഴിലാളികൾക്കും ലഭിക്കാത്ത അവസ്ഥയാണ്. വിവിധ യൂണിയനുകളുണ്ടെങ്കിലും കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും തൊഴിലാളികൾക്ക് ആക്ഷേപം ഉണ്ട്. തുച്ഛമായ വേതനത്തിൽ ജനങ്ങൾക്ക് സേവനം ചെയ്തിരുന്ന തങ്ങളുടെ കുടുബങ്ങളെ പട്ടിണിയിൽ നിന്ന് രക്ഷപ്പെടുത്താൻ സർക്കാർ കരുണ കാണിക്കണമെന്ന് തൊഴിലാളികൾ അഭ്യർത്ഥിച്ചു.