തൃശൂർ : പൂരത്തിന്റെ പൂർണത എന്ന് വിശേഷിപ്പിക്കാറുള്ളത് ഘടക പൂരങ്ങളുടെ വരവിനെയാണ്. ഗജവീരന്മാരുടെ അകമ്പടികളോടെ തട്ടകക്കാരെ ഒപ്പം കൂട്ടി ശിവപുരിയിലേക്ക് എഴുന്നള്ളിയിരുന്ന കാഴ്ച്ച ഇന്നലെ എങ്ങും ദൃശ്യമായില്ല. ആദ്യമായി ക്ഷേത്ര ദർശനം പോലും നടത്താൻ കഴിയാത്ത പൂരം. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങൾക്ക് പുറമെ എട്ട് ഘടക ക്ഷേത്രങ്ങളാണ്. പൂരത്തലേന്ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥന്റെ തെക്കെ ഗോപുര നട തുറക്കുന്നതോടെ തട്ടകങ്ങളിൽ ആവേശം തുടങ്ങും. ആ ചടങ്ങും ഇത്തവണ ഉണ്ടായില്ല. പൂര നാളിൽ വടക്കുന്നാഥന്റെ തെക്കെ ഗോപുര നട വഴി കണിമംഗലം ശാസ്താവ് എത്തുന്നതോടെയാണ് 36 മണിക്കൂർ നീളുന്ന പൂരത്തിന് തുടക്കം കുറിക്കാറ്. തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറ്റം നടന്നെങ്കിലും ഘടക ക്ഷേത്രങ്ങളിൽ അതും ഉണ്ടായില്ല.