arimpur
കിണറ്റിൽ പാറക്കെട്ടിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി കരയിലേക്ക് കയറ്റുന്നു.

അരിമ്പൂർ: നാലാംകല്ലിൽ കിണർ വൃത്തിയാക്കാനിറങ്ങിയ ആൾ വലിയ പാറക്കല്ലിനടിയിൽ പെട്ട് ഒന്നര മണിക്കൂർ കിടന്നു. ഇയാളെ തൃശൂർ ഫയർഫോഴ്സും, അന്തിക്കാട് പൊലീസും, നാട്ടുകാരും ചേർന്ന് രക്ഷിച്ചു. നാലാംകല്ല് സ്വദേശി കുമ്പളത്ത്പറമ്പിൽ വിപിന്റെ വീട്ടുകിണറ്റിൽ പാറ പൊട്ടിച്ച് കിണർ വൃത്തിയാക്കുന്നതിനിടെയാണ് കിണർ പണിക്കാരനായ വലക്കാവ് കൊഴുക്കുള്ളി സ്വദേശി ചേന്ത്ര വീട്ടിൽ രാജൻ അപകടത്തിൽപെടുന്നത്.

നാലു പേർ ചേർന്ന് ചെളി എടുക്കുന്നതിനിടെ മുമ്പ് പൊട്ടിച്ച ശേഷം അടർന്നിരുന്ന കൂറ്റൻ പാറ രാജന്റെ മേൽ പതിച്ചു. തല ഭാഗം മാത്രം പുറത്തായ നിലയിലായിരുന്നു 12 കോൽ താഴ്ച്ചയുള്ള കിണറ്റിൽ രാജൻ കിടന്നത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി.

തൃശൂർ ഫയർഫോഴ്സ് ലീഡിംഗ് ഫയർമാൻ അനിൽ കുമാറിന്റെ നേതൃത്വത്തിൽ അൻസാർ, സന്തോഷ് കുമാർ എന്നിവർ ചേർന്ന് കിണറ്റിലിറങ്ങി ഹൈഡ്രോളിക് ജാക്ക് ഉപയോഗിച്ച് പാറ പൊക്കി. അന്തിക്കാട് എസ്.ഐ വി.എൻ മണികണ്ഠനും സ്ഥലത്തെത്തി. ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനു ശേഷം രാജനെ വലയിൽ പൊക്കിയെടുത്ത് കരക്കെത്തിച്ചു. കാലിലാണ് പരിക്ക് അധികവും. തുടർന്ന് ഇയാളെ ഫയർഫോഴ്സ് ആംബുലൻസിൽ ആശുപത്രിയിലാക്കി.