vijayan-sarasu
മൈക്രോ ഗ്രീൻ കൃഷിപരിചരിക്കുന്ന അദ്ധ്യാപകരായ വിജയനും സരസുവും

മാള: ഈ ലോക്ക് ഡൗൺ കാലത്തെ കൃഷി അറിവുകൾ കൊണ്ട് അടയാളപ്പെടുകയാണ് രണ്ട് അദ്ധ്യാപകർ. സർക്കാർ വിദ്യാലയത്തിൽ നിന്ന് പ്രധാനാദ്ധ്യാപകനായി വിരമിച്ച വാഴൂർ വിജയനും കുഴൂർ സർക്കാർ ഹൈസ്‌കൂളിലെ അദ്ധ്യാപികയായ സരസുവും വല്ലാത്ത കൃഷി ആവേശത്തിലാണ്.

ഏപ്രിൽ 12 ന് കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച മൈക്രോ ഗ്രീൻ കൃഷി രീതിയെ കുറിച്ചുള്ള ലേഖനമാണ് ലോക്ക് ഡൗൺ കാലത്ത് അനുഗ്രഹമായതെന്നാണ് ഇരുവരും പറയുന്നത്. പുറത്തിറങ്ങാൻ കഴിയാതെ വെറുതെ വീട്ടിലിരിക്കുമ്പോൾ പുതുതായി എന്ത് ചെയ്യണമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് കേരള കൗമുദി വഴികാട്ടിയായത്. കഠിനമായ സൂര്യ പ്രകാശത്തിൽ തുറന്ന ടെറസിലാണ് ഇവർ ഈ കൃഷി ചെയ്തത്.

ചെടി വളർത്തിയ മാദ്ധ്യമമായി മരപ്പൊടിയാണ് (അറക്കപ്പൊടി ) ഉപയോഗിച്ചത്. ഫ്‌ളെക്‌സ് ബോർഡിന്റെ പിൻഭാഗമാണ് ട്രേ. പ്ലാസ്റ്റിക് കുപ്പികളുടെ മുറിച്ചെടുത്ത അടിഭാഗവും ട്രേ ആയി ഉപയോഗിച്ചു. കൂടാതെ കടയിൽ നിന്ന് വാങ്ങിയ സീഡ് ട്രേയും. രണ്ടു ലിറ്റർ കുപ്പിയുടെ അടപ്പിൽ ദ്വാരങ്ങളും പിന്നിൽ ഒരു ചെറിയ ദ്വാരവും ഇട്ടാൽ പൂവാളി ആയി.

മൂന്ന് സീഡ് ട്രേയിലേക്ക് രണ്ട് ലിറ്റർ വെള്ളം മതി. ഓപ്പൺ ടെറസിൽ ആയതുകൊണ്ട് രാവിലെയും വൈകീട്ടും നനക്കണം. ഇത്രയും ലളിതമായി ചെയ്യാവുന്ന പോഷക സമ്പന്നമായ ചെലവില്ലാത്ത ഈ മൈക്രോ ഗ്രീൻ കൃഷിയിലൂടെ നമുക്ക് ആരോഗ്യവും സംരക്ഷിക്കാം. ലോക്ക് ഡൗൺ കാലത്തെ ധന്യമാക്കി നേരമ്പോക്കിനപ്പുറം പോഷക സമ്പുഷ്ടമായ ഭക്ഷ്യ വിഭവം ഒരുക്കാൻ വഴികാട്ടിയ കേരള കൗമുദിക്ക് നന്ദി പറയുകയാണ് ഈ അദ്ധ്യാപക ദമ്പതികൾ. മാള എസ്.എൻ.ഡി.പി യൂണിയൻ കമ്മിറ്റി അംഗമാണ് വിജയൻ.

ജൈവം പോഷക സമ്പുഷ്ടം

മുഖ്യമായി ചീരയും ഗോതമ്പും ഉലുവയും പിന്നെ കടുക്, കടല, ചെറുപയർ എന്നിവയും ആണ് കൃഷി ചെയ്തത്. ഉലുവയും ഗോതമ്പും പ്രമേഹത്തിന്റെ പ്രതിരോധ ആഹാരം കൂടിയാണ്. ഒട്ടും തന്നെ വളമോ ജൈവ രാസ കീടനാശിനികളോ ആവശ്യം ഇല്ലാത്ത വലിയ അദ്ധ്വാനം ഇല്ലാതെ ചെറിയ കുട്ടികൾക്കു പോലും ഇവ കൃഷി ചെയ്യാനാകും.