പാവറട്ടി: കണ്ടാണശ്ശേരി പഞ്ചായത്തിലെ എട്ടാം വാർഡായ മറ്റം ആളൂരിലെ കുംഭാര കോളനിയിൽ വിറ്റഴിക്കാനാകാതെ കെട്ടികിടക്കുന്നത് ലക്ഷകണക്കിന് രൂപയുടെ കളിമൺ പാത്രങ്ങൾ . ഈസ്റ്റർ, വിഷു, റംസാൻ തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി ഇതെല്ലാം വിറ്റുപോകേണ്ടതായിരുന്നു. ലോക്ക് ഡൗൺ കാരണം വിൽക്കാൻ സാധിക്കാത്തതിനാൽ കോളനികളിലെ വീടുകളിൽ ഇവയെല്ലാം സൂക്ഷിച്ചിരിക്കുകയാണ്. അതോടെ നിറഞ്ഞ പാത്രങ്ങൾക്കൊപ്പം ഇവരുടെ ദുരിതവും ഏറി.
വീടുകളിൽ പാത്രങ്ങൾ നിറഞ്ഞിരിക്കുന്നതിനാൽ സൂക്ഷിക്കാൻ ഇടമില്ലാത്തതു കൊണ്ട് പുതിയവ നിർമ്മിക്കാൻ സാധിക്കാത്ത അവസ്ഥയിലുമാണ്. മൺചട്ടി, കൂജ, കലങ്ങൾ, വെള്ളം വെക്കുന്ന കൂജകൾ, ജഗ്ഗ്, പൂച്ചെട്ടി, ജൈവവളത്തിനു വേണ്ടിയുള്ള പാത്രങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള ഉത്പന്നങ്ങളാണ് വിപണിയിൽ പോകാതെ സൂക്ഷിച്ചിരിക്കുന്നത്. കിണർ നിർമ്മാണത്തിനുള്ള റിംഗുകൾ കളിമണ്ണ് ഉപയോഗിച്ച് ആദ്യമായി നിർമ്മിച്ചെടുത്തത് ആളൂരിലെ കുംഭാരൻമാർ ആയിരുന്നു. കളിമൺപാത്ര നിർമ്മാണത്തിലൂടെ ലഭിക്കുന്ന വരുമാനം ഇപ്പോൾ പാടെ നിലച്ച പോലെ ആയി. 40 ഓളം കുടുംബങ്ങളാണ് ആളൂരിലെ കുംബാരത്തറയിൽ കളിമൺപാത്ര നിർമ്മാണം നടത്തി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
വർഷക്കാലത്ത് കളിമണ്ണ് ലഭിക്കാറില്ല. അതിനാൽ ആ സമയങ്ങളിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികൾക്കായി ഏകദേശം 100 ഓളം ലോഡ് കളിമണ്ണ് നിർമ്മാണ തൊഴിലാളികൾ ശേഖരിച്ച് വച്ചിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥ തുടർന്നു പോയാൽ കളിമൺപാത്ര നിർമ്മാണമേഖലയെ സാമ്പത്തിക ബാധ്യത പിടികൂടുമെന്ന ആശങ്കയും തൊഴിലാളികൾക്കുണ്ട് .
1965ൽ കളിമൺ പാത്ര നിർമ്മാണ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 20 സെന്റ് സ്ഥലത്ത് ഒരു കളിമൺ പാത്ര നിർമ്മാണ സഹകരണ സംഘം അളിഗിരിയുടെ നേതൃത്വത്തിൽ രൂപീകരിച്ചിരുന്നു. ആദ്യകാല പ്രവർത്തകരെല്ലാം മൺമറഞ്ഞതോടുകൂടി ഈ സംഘത്തിന്റെ പ്രവർത്തനം പൂർണ്ണമായി നിലച്ചു. മണലൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന ആളൂർ കുംഭാര കോളനിയിലെ മുമ്പ് ഉണ്ടായിരുന്ന കളിമൺപാത്ര നിർമ്മാണ സംഘത്തിന്റെ പുനുദ്ധാരണത്തിനും കെട്ടിട നിർമ്മാണത്തിനും തുടർ പ്രവർത്തനങ്ങൾക്കുമായി മുരളി പെരുനെല്ലി എം.എൽ.എ 9 ലക്ഷം രൂപ നൽകാമെന്ന് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ ലഭിച്ചില്ല. ഈ ഫണ്ട് അനുവദിച്ചു കിട്ടുകയാണെങ്കിൽ സംഘത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാമെന്ന് തൊഴിലാളികൾ പറയുന്നു. സർക്കാരിൽ നിന്നും സൗജന്യമായി നൽകി വരുന്ന വീട് നിർമ്മാണത്തിനുള്ള ഫണ്ട്, വിദ്യാർത്ഥികളുടെ പഠനത്തിന് ഉള്ള ഗ്രാൻഡുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ കുംഭാര കുടുംബങ്ങൾക്ക് ലഭിക്കുന്നില്ല. ഈ സമുദായത്തെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുകയാണെങ്കിൽ സമുദായത്തിന്റെ ഉന്നമനത്തിന് ഏറെ പ്രയോജനകരമാകുമെന്ന് മുതിർന്ന തൊഴിലാളികൾ പറയുന്നു.
......................
പാത്രങ്ങൾ ഉണ്ടാക്കുന്നത് ഇലക്ട്രിക് ചക്രങ്ങളിൽ
പഴയകാലത്ത് പ്രത്യേകം ഉണ്ടാക്കിയ മരചക്രങ്ങൾ ഉപയോഗിച്ചാണ് പാത്രങ്ങൾ നിർമ്മിച്ചിരുന്നത്. മണ്ണ് ചവിട്ടിയാണ് അരച്ചിരുന്നത്. എന്നാൽ ഇന്ന് ഇലക്ട്രിക് ചക്രങ്ങളിലാണ് പാത്രങ്ങൾ ഉണ്ടാക്കുന്നത്. കളിമണ്ണ് പാകപ്പെടുത്തി ഇടിച്ച് കുഴക്കുന്നതിനും അരക്കുന്നതിനും ഇലക്ട്രിക് യന്ത്രങ്ങളായി. മലപ്പുറം, കാസർഗോഡ്, കണ്ണൂർ, വയനാട്, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഇവിടെ നിന്നും കളിമൺ പാത്രങ്ങൾ വില്പനക്കായി കൊണ്ടുപോകുന്നത്. പഞ്ചായത്തുകൾ മുഖേന ജൈവവളങ്ങളുടെ ആവശ്യകതയിലേക്കായി പാത്രങ്ങൾ നിർമ്മിക്കുന്നതും ഈ കോളനിയിൽ നിന്നാണ്.