തൊട്ടിപ്പാൾ: മണിക്ക് ഹൃദ്രോഗം, ഭാര്യ മല്ലികയ്ക്ക് നട്ടെല്ലിന് അപൂർവ രോഗം. ഇരുവരെയും വിടാതെ പിന്തുടരുന്ന രോഗങ്ങൾ എന്നിട്ടും ഇവരിലൊരാളുടെ സാമൂഹിക സുരക്ഷാ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി. ചില്ലായി വീട്ടിൽ മണി(58), ഭാര്യ മല്ലിക(56) എന്നിവരാണിത്.
1991ലാണ് കൊളത്തൂർ സ്വദേശിയായ മല്ലികയെ മണി വിവാഹം കഴിച്ചത്. ഇവർക്ക് മക്കളില്ല. 1978 മുതൽ 2000വരെ സി.ഐ.ടി.യു ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേസ് യൂണിയൻ തൊട്ടിപ്പാൾ യൂണിറ്റിൽ സജീവ അംഗമായിരുന്നു മണി. രണ്ടായിരത്തിൽ പിടിപെട്ട ഹൃദയ സംബന്ധമായ അസുഖവും തുടർന്ന് ശസ്ത്രക്രിയയും മൂലം മണിക്ക് ജോലിക്ക് പോകാൻ കഴിയില്ല. പിന്നീട് ഭാര്യ മല്ലിക മണിയുടെ ജോലി ഏറ്റെടുത്തു.
മണി അതിനിടെ കുറച്ചു കാലം സെക്യൂരിറ്റി ജോലിക്ക് പോയിരുന്നെങ്കിലും തുടരാനായില്ല. ഇടയ്ക്കിടെ ശ്വാസ തടസ്സം നേരിടാൻ തുടങ്ങിയതായിരുന്നു. മല്ലിക, മണിയുടെ ജോലി ചെയ്തുവരുന്നതിനിടെയാണ് നട്ടെല്ലിന് രോഗം പിടിപെട്ടത്. കഴിഞ്ഞ ഒരു വർഷത്തോളമായി മല്ലികയ്ക്ക് എഴുന്നേറ്റിരിക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്. ഇരുവരുടെയും ചികിത്സയ്ക്ക് മാത്രം നല്ലൊരു തുക വേണം.
സാമൂഹിക ക്ഷേമ പെൻഷനല്ലാതെ ഒരു വരുമാനമില്ലാത്ത ഇവർ വിധിക്കെതിരെ നാട്ടുകാരുടെ പിന്തുണയോടെ പോരാടുകയാണ്. തങ്ങളുടെ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നൽകണമെന്ന ആഗ്രഹം ഇവർ നാട്ടുകാരെ അറിയിച്ചു. ദുരിതത്തിത് നടുവിലും ഉറവ വറ്റാത്ത ഇവരുടെ ആഗ്രഹം നാട്ടുകാർക്കും ആവേശമായി. ഇവരുടെ ആഗ്രഹപ്രകാരം പുതുക്കാട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.പി. സുധീരൻ വസതിയിലെത്തി മല്ലികയിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം സ്വീകരിച്ചു.
ഇവരുടെ ചികിത്സയ്ക്ക് സഹായിക്കാനായി നാട്ടുകാർ ചികിത്സാ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്കിന്റെ കരുവന്നൂർ ശാഖയിൽ മല്ലിക - മണി ചികിത്സാ സഹായ സമിതിയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ 20751 000 39524. ഐ.എഫ്.എസ്.സി: എഫ്.ഡി.ആർ.എൽ 000 2075,എം.ഐ.സി.ആർ കോഡ് - 6800 490 50, കസ്റ്റമർ ഐ ഡി:132714259.