ഒല്ലൂർ: അന്തരിച്ച സ്വാതന്ത്ര്യ സമരസേനാനിയും മുൻതിരുക്കൊച്ചി നിയമസഭയിൽ ഒല്ലൂരിന്റെ പ്രതിനിധിയുമായിരുന്ന എ. പരമേശ്വരൻ നമ്പ്യാരുടെ ഭാര്യയായ തങ്കമണി ബ്രാഹ്മണി അമ്മയുടെ നവതി ആഘോഷത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, ഹിന്ദി ഭാഷാ പ്രചാരകൻ, സാംസ്‌കാരിക പ്രവർത്തകൻ, ഖാദി വസ്ത്രപ്രചാരകൻ, സംസ്‌കൃത പണ്ഡിതൻ താമ്രപത്ര പുരസ്‌കാരം നേടിയ സ്വാതന്ത്രസമരസേനാനി, എന്നീ മേഖലകളിൽ തന്റേതായ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു പരമേശ്വരൻ നമ്പ്യാർ എന്ന എ.പി. നമ്പ്യാർ. ആരുക്കുളങ്ങര പുഷ്പകത്തു വീട്ടിൽ നടന്ന ചടങ്ങിൽ തങ്കമണി ബ്രാഹ്മണി അമ്മയിൽ നിന്നും ചീഫ് വിപ്പ് കെ. രാജൻ എം.എൽ.എ തുക ഏറ്റുവാങ്ങി. ഒല്ലൂരിലെ ആരോഗ്യപ്രവർത്തകർക്കുള്ള മാസ്‌കുകൾ കൗൺസിലർ സി.പി. പോളി ഏറ്റുവാങ്ങി. സാംസ്‌കാരിക പ്രവർത്തകരായ വിജേഷ് ഇടക്കുന്നി, എം.സി. തൈക്കാട്, കെ. രാജൻ, മക്കളായ എ.പി. രാമചന്ദ്രൻ, എ.പി. ശാന്ത എന്നിവർ സംസാരിച്ചു.