ഒരു ലിറ്റർ വ്യാജമദ്യത്തിന് 1500 മുതൽ 2000 രൂപ വരെ

ചാലക്കുടി: ലോക്ക് ഡൗണിനിടെ നാടും നഗരവും ഭേദമന്യേ വ്യാജമദ്യ നിർമ്മാണം തകൃതി. വ്യാജ മദ്യ നിർമ്മാണവും അനധികൃത മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് ചാലക്കുടിയിൽ ഇതുവരെ 21 പേർ അറസ്റ്റിലായി. 3750 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. 21 ലിറ്റർ ചാരായവും പിടിച്ചെടുത്തു. 36 ലിറ്റർ വ്യാജ മദ്യവും 15 ലിറ്റർ അരിഷ്ടവും കണ്ടെടുത്തു.

ചാലക്കുടി, കൊരട്ടി സി.ഐമാരും ചാലക്കുടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറും ചേർന്ന് പിടികൂടിയ കേസുകളാണിത്. നഗരത്തിലെ ബാറിൽ വിൽപ്പന നടത്തിയ 36 ലിറ്റർ വിദേശ മദ്യമാണ് രണ്ടാഴ്ച മുമ്പ് പിടിച്ചത്. രണ്ടു ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. മേലൂർ പഞ്ചായത്തിലാണ് ചാരായ നിർമ്മാണം വ്യാപകമായത്.

കോടശേരി, പരിയാരത്തും പലസ്ഥലങ്ങളിലും മദ്യ നിർമ്മാണം നടക്കുന്നുവെന്നാണ് വിവരം. മലയോരവും തോട്ടങ്ങളും കേന്ദ്രീകരിച്ചാണ് വൻതോതിൽ വാറ്റ് നടക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾ പുറത്തിറങ്ങാത്തത് വ്യാജന്മാർക്ക് അനുഗ്രഹമായി. നിർമ്മാണവും വിൽപ്പനയും അതീവ രഹസ്യമായി നടക്കുന്നു. ലോക്ക് ഡൗണിലെ ഇളവുകളിൽ പുറത്തിറങ്ങിയ ജനങ്ങളാണ് ഇത്തരം വിവരം പൊലീസിനും എക്‌സൈസിനും കൈമാറുന്നത്.

പലയിടത്തും വീടുകൾ കേന്ദ്രീകരിച്ചും ചാരായ നിർമ്മാണം നടക്കുന്നുണ്ട്. ലോക്ക് ഡൗൺ കാലം മുതലെടുത്ത് കൊള്ള വിലയ്ക്കാണ് ചാരായം വിൽക്കുന്നതെന്നും പറയുന്നു. ഒരു ലിറ്ററിന് 1500 മുതൽ 2000 ലിറ്റർ രൂപ വരെയാണത്രെ ഈടാക്കുന്നത്. 20 കിലോ വാഷ് നിർമ്മിക്കുകയും ഇതിൽ നിന്നും 50 ലിറ്റർ ചാരായം തയ്യാറാക്കുകയും ചെയ്യലാണ് ഇവരുടെ രീതി.

ചാരായ നിരോധന കാലത്തെ പ്രവണതയ്ക്ക് തുല്യമാണ് ഇപ്പോഴത്തേതെന്ന് വിദഗ്ദ്ധർ പറയുന്നു. അക്കാലത്ത് ചാലക്കുടി മേഖലയിൽ ഒരുമാസം ശരാശി രണ്ടായിരം ലിറ്റർ വാഷ് പിടികൂടിയിരുന്നു. ഈ പ്രവണത ഏതാണ്ട് അഞ്ചു വർഷത്തോളമാണ് നീണ്ടത്. നിയമങ്ങളും ശിക്ഷയും കർശനമായപ്പോൾ പിൻവാങ്ങുകയായിരുന്നു.

എന്നാൽ 2015ൽ സംസ്ഥാനത്ത് ബാറുകൾ നിരോധിക്കുകയും ഔട്ട് ലെറ്റ് വിൽപ്പനയ്ക്ക് നിയന്ത്രണം വരുകയും ചെയ്തതോടെ മേഖലയിൽ വീണ്ടും മദ്യനിർമ്മാണം തലപ്പൊക്കിയെങ്കിലും ഇത്രയും ഗുരുതരമായില്ല. പ്രതിമാസം കണ്ടെത്തുന്ന വാഷുകളുടെ അളവ് അറനൂറ് ലിറ്ററിൽ ഒതുങ്ങി. എന്നാൽ ഇത് അവസാനിക്കാതെ തുടരുകയായിരുന്നു.

ഇപ്പോൾ പിടിക്കപ്പെടുന്നതിനേക്കാൾ പത്തു മടങ്ങ് അധികം മദ്യ നിർമ്മാണം നടക്കുന്നുണ്ടെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിഗമനം. എന്നാൽ മാള മുതൽ മലക്കപ്പാറ വരെ നീളുന്ന ചാലക്കുടി എക്‌സൈസ് വിഭാഗത്തിന്റെ പരിധിയിൽ ഇത്തരം കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ഇരുപത് മാത്രമാണ്. ലോക്ക് ഡൗണിലെ മറ്റു നിരവധി ഡ്യൂട്ടികളിൽ ഏർപ്പെടുന്ന പൊലീസിനും കാര്യമായ മദ്യവേട്ടയ്ക്ക് കഴിയുന്നില്ല.

ലോക്ക് ഡൗൺ കാലയളവിൽ കടകളിൽ ഉണ്ട ശർക്കരയ്ക്ക് വലിയ തോതിൽ ആവശ്യക്കാരുണ്ടായത് ചാരായ നിർമ്മാണത്തിന്റെ തീവ്രത വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്ത് ചാരായ നിരോധനമുണ്ടായ 1996- 2000 കാലഘട്ടത്തിൽ നടന്ന വ്യാജ മദ്യ നിർമ്മാണത്തെ പിന്നിലാക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

- എ. രാധാകൃഷ്ണൻ, ചാലക്കുടി എക്‌സൈസ് ഇൻസ്‌പെക്ടർ

ചാലക്കുടിയിൽ

നശിപ്പിച്ചത് - 3750 ലിറ്റർ വാഷ്

പിടിച്ചത് - 21 ലിറ്റർ ചാരായം

അറസ്റ്റിലായത് - 21 പേർ

വ്യാജമദ്യം പിടിച്ചത് - 36 ലിറ്റർ

അരിഷ്ടം പിടിച്ചത് - 15 ലിറ്റർ