കൊടുങ്ങല്ലൂർ: നിരാലംബർക്കായി സജ്ജമാക്കിയിട്ടുള്ള ക്യാമ്പിൽ നടന്ന ഏഴ് വയസുകാരിയുടെ ആദ്യത്തെ പിറന്നാൾ ആഘോഷത്തിന് ഇരട്ടി മധുരം. തിരുന്നെൽവേലിയിൽ നിന്ന് തൊഴിൽ തേടിയെത്തിയ കുമാർ - പ്രേമ ദമ്പതികളുടെ ഇളയ മകൾ അക്ഷയയുടെ ഏഴാം പിറന്നാളാണ് കൊടുങ്ങല്ലൂർ ഗവ. ബോയ്സ് സ്കൂളിൽ നഗരസഭ ഒരുക്കിയ ക്യാമ്പിൽ നടന്നത്.

ലോക്ക് ഡൗൺ ആരംഭിച്ചതോടെയാണ് അക്ഷയയും സഹോദരൻ ശിവയും മാതാപിതാക്കളും നഗരസഭയുടെ ക്യാമ്പിലെത്തിയത്. ഇതിനിടെ കുട്ടിയുടെ പിറന്നാളിനെ കുറിച്ചറിഞ്ഞ് നഗരസഭാ അധികൃതരും പൊലീസുമെത്തി. നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ കേക്ക് മുറിച്ച് അക്ഷയയ്ക്ക് നൽകി.

നഗരസഭ സെക്രട്ടറി ഒരു സഞ്ചി പുസ്തകങ്ങളാണ് സമ്മാനമായി നൽകിയത്. കൊടുങ്ങല്ലൂർ എസ്.ഐ. ഇ.ആർ ബൈജു കേക്കും മിഠായിയുമായെത്തി പിറന്നാൾ ആശംസകൾ നേർന്നു. നഗരസഭ കൗൺസിലർ എം.കെ സഹീറിൻ്റെ മകൾ പാച്ചി താൻ നിർമ്മിച്ച കരകൗശല വസ്തുവും മിഠായികളുമാണ് സമ്മാനമായി നൽകിയത്. സമൂഹ അടുക്കളയിലെ വളണ്ടിയർമാരും മധുരം നൽകാൻ മടിച്ചില്ല. അക്ഷയ എല്ലാവർക്കും മധുരം നൽകി. അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നൽകിയ ആഘോഷമാണിതെന്ന് ഹോട്ടൽ ജോലിക്കാരനായ അച്ഛൻ ചെല്ലദുരൈ കുമാർ പറഞ്ഞു. അക്ഷയയുടെ സഹോദരൻ ശിവ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയാണ്. ലോക്ക് ഡൗൺ കഴിഞ്ഞാൽ നഗരത്തിൽ വാടകയ്ക്ക് താമസിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് കുമാർ പറഞ്ഞു.