തൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളേജ് സ്റ്റാഫ് നഴ്‌സ് ഷീബ ജോസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി. തൃശൂർ ജില്ലാ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്കും ഒരു ലക്ഷം രൂപ സംഭാവന നൽകി. മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സാ വിഭാഗത്തിലാണ് ഷീബ ജോസിന്റെ പ്രവർത്തനം. രാമനിലയത്തിൽ കൃഷിമന്ത്രി വി.എസ് സുനിൽ കുമാറിന് ഷീബ ജോസിന്റെ ഭർത്താവ് നെല്ലായി സ്വദേശി ആൻഡ്രൂസ് തെക്കുംപുറം ചെക്കുകൾ കൈമാറി. ഹോസ്പിറ്റൽ മാനേജ്മന്റ് കമ്മിറ്റിക്കുള്ള ചെക്ക് തൃശൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ടി. പി ശ്രീദേവി ഏറ്റുവാങ്ങി. കോവിഡ് ചികിത്സയ്ക്കുള്ള മൾട്ടിപാരാ മോണിറ്റർ, ഡിഫിബ്രിലേറ്റർ എന്നിവ വാങ്ങാൻ ഈ തുക ഉപയോഗിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ഷീബ ജോസും കുടുംബവും ഒരു വീട് നിർമ്മിച്ച് നൽകിയിരുന്നു.