arrest
അറസ്റ്റിലായ അസീസ്

ചാലക്കുടി: മേലൂർ പഞ്ചായത്തിലെ നടത്തുരുത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ 50 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. നടത്തുരുത്തിലെ കളത്തിൽ വീട്ടിൽ അസീസ് ആന്റണിയെയാണ് (34) കൊരട്ടി എസ്.ഐ ബി.കെ അരുണിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പാടശേഖരത്തിലെ തോടിന്റെ ഓരത്ത് കന്നാസുകളിലായിരുന്നു വാഷ് സൂക്ഷിച്ചിരുന്നത്. ഇതിനുള്ള ഉപകരണങ്ങൾ സമീപത്തെ അംഗൻവാടിയുടെ ടെറസിനു മുകളിലാണ് സൂക്ഷിച്ചിരുന്നത്. അര ലിറ്റർ ചാരായവും പിടിച്ചിട്ടുണ്ട്. രാത്രി കാലങ്ങളിൽ ഇവിടെ വച്ചാണ് ചാരായം പകർത്തി കൊണ്ടുപോയിരുന്നതെന്ന് കരുതുന്നു. നടത്തുരുത്തിൽ ചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് രണ്ടു ദിവസമായി തെരച്ചിൽ നടത്തി വരികയായിരുന്നുവെന്ന് സി.ഐ ബി.കെ അരുൺ പറഞ്ഞു. തുടർന്നാണ് ശനിയാഴ്ച വൈകീട്ട് തെരച്ചിൽ നടത്തിയത്.

ഈ സമയത്ത് അസീസ് പരിസരത്തു തന്നെയുണ്ടായിരുന്നു. തുടർന്ന് ഇരിങ്ങാലക്കുടയിൽ നിന്നും ഡോഗ് സ്ക്വാഡിനെ എത്തിച്ച് സമീപ പ്രദേശങ്ങളിൽ വ്യാപകമായി തെരച്ചിൽ നടത്തി. ലോക്ക് ഡൗൺ കാലയളവിൽ കൊരട്ടി സ്റ്റേഷന്റെ പരിധിയിൽ ഇതുവരെ എട്ട് അബ്കാരി കേസുകൾ പിടികൂടിയെന്നും സി.ഐ പറഞ്ഞു. നടത്തുരുത്തിലേത് അടക്കം 12 പ്രതികൾ അറസ്റ്റിലായി. ഇതിൽ മൂന്നിടത്ത് ചാരായവും മറ്റുള്ള സ്ഥലത്ത് വാഷുമാണ് പിടിച്ചത്. 1500 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും മൊത്തം കണ്ടെടുത്തു.