ഇരിങ്ങാലക്കുട : കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് സഹോദരനെ പിടികൂടിയതിന് പൊലീസ് ഉദ്യോഗസ്ഥനോട് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന സ്ത്രീയുടെ വോയ്സ് ക്ളിപ്പുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. കരൂപ്പടന്നയിൽ അരക്കിലോയോളം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പിടിയിലായ കരൂപ്പടന്ന സ്വദേശി നജാഹിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഭീഷണി. ഇയാളുടെ സഹോദരി എന്ന് പരിചയപ്പെടുത്തിയാണ് വാട്സ് ആപ്പിൽ ഒരു വോയ്സ് ക്ലിപ്പ് പ്രചരിപ്പിക്കുന്നത്.
തന്റെ സഹോദരനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് കൈവശം കഞ്ചാവ് ഉണ്ടായിരുന്നില്ലെന്നും, പൊലീസുദ്യോഗസ്ഥനോട് പ്രതികാരം ചെയ്യും എന്നും വോയ്സിൽ പറയുന്നു. വർഗ്ഗീയ പരാമർശവും യുവതി നടത്തുന്നുണ്ട്. സംഭവദിവസം തൃശൂർ ക്രൈം ബ്രാഞ്ച് പൊലീസ് സംഘം കരൂപ്പടന്നയിൽ വച്ച് കാരുമാത്ര സ്വദേശി അമലിനെ പിടികൂടുകയും, കൂടെ ഉണ്ടായിരുന്ന നജാഹ്, ജിതിൻ, സഹദ്, യദുകൃഷ്ണൻ, ആദിത്ത് എന്നിവർ ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. മറ്റുള്ളവരെ തുടർ ദിവസങ്ങളിൽ പൊലീസ് പിടികൂടിയിരുന്നു.