തൃശൂർ: 25 ദിവസമായി പൊസിറ്റീവ് കേസുകളില്ലാത്തതിനാൽ ഗ്രീൻ സോണായി പ്രഖ്യാപിച്ചെങ്കിലും ജാഗ്രതക്കുറവ് ഈ നിറം കളയുമെന്ന് ആരോഗ്യ വിദഗ്ദ്ധർ.
ഗ്രീൻ സോൺ ഇളവുകൾ ഇന്ന് മുതൽ നടപ്പിൽ വരും. 21 ദിവസം പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ഗ്രീൻ സോൺ ആക്കാമെന്നാണ് കേന്ദ്ര നിർദ്ദേശം. എന്നാൽ കൂടുതൽ പേർ പുറത്തിറങ്ങുന്നതോടെ പരിശോധനകൾ കർശനമായി നടത്താൻ സാധിക്കാതെ വരും. അഥിതി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് കയറ്റി വിടുന്നത് പോലെ ജില്ലയിലേക്കും മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെത്തി തുടങ്ങും. ഇവരെ കൃത്യമായി കണ്ടെത്തി നിരീക്ഷണത്തിലാകുക എന്നത് ശ്രമകരമായ ദൗത്യമാണ്. ഏപ്രിൽ എട്ടിനാണ് അവസാനമായി പൊസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്. ഇവർ 19 ന് ആശുപത്രി വിട്ടു. ആകെ 13 പേരാണ് കൊവിഡ് ബാധിച്ചു ചികിത്സയിലായത്.
അതിർത്തികളിൽ പരിശോധന
ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കും. നുഴഞ്ഞു കയറ്റക്കാരായിരുന്നു ഭീഷണി ആയിരുന്നതെങ്കിൽ ഇന്ന് മുതൽ അനുമതിയോടെ ആളുകളെത്തി തുടങ്ങുകയാണ്. രോഗം ഇല്ലെന്ന സർട്ടിഫിക്കറ്റുമായാണ് എത്തുന്നതെങ്കിലും ഇവരിൽ നിരീക്ഷണം തുടരേണ്ടി വരും. വരുന്നവരെ അതിർത്തികളിൽ തന്നെ പരിശോധിച്ച ശേഷം മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കൂ. പൊലീസും ആരോഗ്യ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തുക. കൃത്യമായ രേഖകൾ ഇല്ലാത്തവരെ കടത്തി വിടില്ല.
നിർദ്ദേശം ലംഘിച്ച് ഡോക്ടർമാരും
അതിർത്തികളിൽ നിന്ന് ഇപ്പോഴും ലോക്ക് ഡൗൺ ലംഘിച്ചു നിരവധി പേർ സ്വാധീനം ഉപയോഗിച്ച് കടന്നു വരുന്നു. ഇന്നലെ 56 പേരാണ് ഇത്തരത്തിൽ കടന്നു വന്നത്. ഇതിൽ ഒരു ഡോക്ടറും ഉൾപ്പെടുന്നു. ഇദ്ദേഹം എല്ലാ ദിവസവും പാലക്കാട്ടേക്ക് പോയി തിരിച്ചു വരുന്നുണ്ട്. പാലക്കാട്ട് തീവ്ര മേഖലയിലെ രണ്ടു ക്ലിനിക്കുകളിൽ മാസ്ക് പോലും ധരിക്കാതെയാണ് പരിശോധന നടത്തി തിരിച്ചു വന്നിരുന്നത്. ഡോക്ടറെയും നിരീക്ഷണത്തിലാക്കി.
......................
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അനുമതിയോടെ വരുന്നവർ നിർബന്ധമായും 14 ദിവസം നിരീക്ഷണത്തിലിരിക്കണം. ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടി വരും. ഗ്രീൻ സോൺ ആയെന്നു കരുതി ജനങ്ങൾ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തു പോകരുത്. ഇനിയാണ് ഏറ്റവും കരുതലും ജാഗ്രതയും ആവശ്യമുള്ളത്. പുറത്തിറങ്ങാൻ കിട്ടിയ അവസരം എന്ന് കരുതി ആരും കൂട്ടം കൂടി നിൽക്കരുത്
കെ.ജെ റീന
ഡി. എം. ഒ