pooram

അടുത്തവർഷം പൂരം ഏപ്രിൽ 23 ന്

തൃശൂർ: തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്ത് നേർക്കുനേർ നിലകൊള്ളാതെ, അടുത്ത പൂരത്തിന് കാണാമെന്ന് വിടചൊല്ലാതെ, പകൽപ്പൂരമില്ലാതെ തൃശൂർ പൂരത്തിന് കൊടിയിറങ്ങി. ചരിത്രത്തിലാദ്യമായി പുറത്തേക്ക് എഴുന്നള്ളിക്കാതെ നാലമ്പലത്തിനുള്ളിൽ പൂരത്തിന് സമാപനം കുറിച്ചതോടെ അടുത്ത പൂരത്തിനുള്ള കാത്തിരിപ്പാണ് തുടങ്ങുന്നത്. ഏപ്രിൽ 23 ന് അടുത്ത വർഷം പൂരം കൊണ്ടാടുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.

നടുവിൽ മഠത്തിൽ ആറാട്ട് നടത്തി തിരുവമ്പാടിയും ക്ഷേത്രക്കുളത്തിലെ ആറാട്ടോടെ പാറമേക്കാവും പൂരത്തിന് രാത്രിയോടെ തിരശീലയിട്ടു. പ്രധാന വെടിക്കെട്ട് നടക്കാറുള്ള പുലർച്ചെ തട്ടകക്കാർ പോലും ഉണർന്നില്ല. ആരും തൊഴാനുമെത്തിയില്ല. പൂരദിവസവും ക്ഷേത്രക്കുളത്തിൽ ആറാട്ടും ശ്രീഭൂത ബലിയും കഴിഞ്ഞ് ഇരുക്ഷേത്രങ്ങളുടെയും നട അടച്ചു. രണ്ടിടത്തും അഞ്ചു പേർ മാത്രമായിരുന്നു ചടങ്ങ് നടത്തിയത്. ഇലഞ്ഞിത്തറ മേളത്തിന്റെ അമരക്കാരൻ പെരുവനം കുട്ടൻ മാരാർ ഒരു ചെണ്ടയുമേന്തി ഇന്നലെയും പാറമേക്കാവിന്റെ ആറാട്ടിന് കൊട്ടി മടങ്ങി.

തേക്കിൻകാട് മൈതാനം വിജനമായിരുന്നു. വ്യായാമത്തിനായി ചിലപ്പോൾ ആനകളെ നടത്തിക്കുന്നുണ്ട്. പൂരമുണ്ടായില്ലെങ്കിലും ശുചീകരണ തൊഴിലാളികളിൽ ചിലർ പതിവു തെറ്റിക്കാതെയെത്തി. ക്ഷേത്രനടകൾ വൃത്തിയാക്കി മടങ്ങി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് പൂരം താന്ത്രിക ചടങ്ങ് മാത്രമാക്കിയത്. ഒരാനപ്പുറത്ത് ചടങ്ങ് നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവാദം ലഭിച്ചില്ല.