ksu
കാരമുക്ക് ചാത്തൻകുളങ്ങര പാടശേഖരം നെൽക്യഷിയിടത്തിൽ തെങ്ങ് തൈകൾ വെച്ച് പിടിപ്പിച്ച് രൂപമാറ്റം വരുത്തിയ നിലയിൽ

കാഞ്ഞാണി : തണ്ണീർത്തട നിയമം കാറ്റിൽപറത്തി നിയമവിരുദ്ധമായി മണലൂർ പഞ്ചായത്തിൽ നെൽക്കൃഷിയിടം രൂപമാറ്റം വരുത്തുന്നു. ചാത്തൻകുളങ്ങര, താനാപാടം നെൽക്കൃഷിയിടങ്ങളിൽ തെങ്ങ് തൈകളും വാഴകളും വെച്ച് പിടിപ്പിച്ചാണ് രൂപമാറ്റം വരുത്തുന്നത്. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും മൗനാനുവാദത്തോടെയാണ് ഇത്തരം പ്രവൃത്തികൾ നടക്കുന്നതെന്നും ആരോപണമുണ്ട്.

തെങ്ങ് തൈകളും വാഴകളും വെച്ച് പിടിപ്പിച്ച് പിന്നീട് ഇതിന്റെ പേരിൽ മണ്ണിട്ട് നികത്തലുകളാണ് നടക്കുന്നത്. ഇവർക്കെതിരെ വില്ലേജ് ഓഫിസർമാർ സ്റ്റോപ്പ് മെമ്മോ കൊടുത്താലും തുടർ നടപടികളുണ്ടാകുന്നില്ല. അതിനാൽ സ്റ്റോപ്പ് മെമ്മോ കൊടുക്കലും ഒരു പ്രഹനമായി.

കാരമുക്ക് ചാത്തൻകുളങ്ങര, മാമ്പുള്ളി താനപാടം നെൽക്കൃഷിയിടങ്ങളിൽ തെങ്ങുതൈകളും വാഴകളും വെച്ച് പിടിപ്പിച്ച് രൂപമാറ്റം വരുത്തി മണ്ണിട്ട് പകുതിയിലേറെയും കൃഷിയിടം നികത്തിയിട്ടുണ്ട്. ഇതിനെല്ലാം സ്റ്റോപ്പ് മെമ്മോ നൽകി തുടർ നടപടിക്കായി റവന്യൂവകുപ്പിന് റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടും ഇതുവരെ നടപടികളാകാതെ ചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കുകയാണ്. അപ്പോഴേക്കും തെങ്ങ് തൈകളെല്ലാം വളർന്ന് തെങ്ങുംതോപ്പുകളായി മാറുകയാണ്. ഇതെല്ലാം പരിശോധിക്കാനുള്ള തണ്ണീർത്തട സംരക്ഷണ സമിതി നോക്കുക്കുത്തിയാണ്.