തൃശൂർ: ജില്ലയിലെ ജയിലുകളിൽ കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് അനുവദിച്ച തടവുകാരുടെ പരോൾ നീട്ടി നിശ്ചയിച്ചു. പൊതുഗതാഗതം പുനരാരംഭിക്കുന്ന തിയതി മുതൽ അഞ്ചു ദിവസം വരെയാണ് പരോൾ നീട്ടി നൽകിയത്. ഇപ്രകാരം പുറത്ത് നിൽക്കുന്ന കാലയളവ് ജാമ്യമായി കണക്കാക്കുമെന്നും അഡിഷണൽ സെക്രട്ടറി ആർ. ഷീലറാണി അറിയിച്ചു. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കൊവിഡ് 19 രോഗവ്യാപനത്തിന് മുമ്പ് 123 പേരാണ് പരോളിൽ പോയത്. കോവിഡ് 19 രോഗ വ്യാപനത്തിന് മുമ്പ് 12 പേരും 60 ദിവസത്തെ ആദ്യഘട്ട പ്രത്യേക പരോളിൽ 80 പേരും 30 ദിവസത്തെ രണ്ടാം ഘട്ട പരോളിൽ 24 പേരും ഹൈക്കോടതി ഉത്തരവ് പ്രകാരം ഇടക്കാല ജാമ്യത്തിൽ കഴിയുന്ന 7 വിചാരണ തടവുകാരും ആണ് ഇപ്പോൾ പരോളിൽ ഉള്ളത്. വിചാരണ തടവുകാർ ലോക്ഡൗൺ തീർന്ന മൂന്നു ദിവസത്തിനുള്ളിൽ മടങ്ങിയെത്തി വിചാരണക്കോടതിയിൽ ഹാജരായി ജാമ്യം പുതുക്കി വാങ്ങണമെന്നും വിയ്യൂർ ജയിൽ സൂപ്രണ്ട് നിർമലാനന്ദൻ നായർ അറിയിച്ചു.