ചാലക്കുടി: നഗരസഭാ സമൂഹ അടുക്കളയുടെ പ്രവർത്തനം അവസാനിപ്പിച്ചു. അടുത്ത ദിവസം മുതൽ ആവശ്യമുള്ള 75 പേർക്ക് നഗരസഭാ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിൽ നിന്നാണ് ഭക്ഷണം എത്തിക്കുക. സമാപന ദിവസത്തെ ഉച്ചയൂണിന് ബീഫ് കറിയും നൽകി.

ആനമല ജംഗ്ഷനിലെ ബസ് സ്റ്റാൻഡിൽ കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ തുടങ്ങുന്ന മുറയ്ക്ക് ഈ വിഭാഗത്തിലുള്ളവർക്ക് അവിടെ നിന്നാകും ഭക്ഷണപ്പൊതികൾ എത്തിക്കുകയെന്ന് കമ്മ്യൂണിറ്റി കിച്ചൻ കൺവീനർ പി.എം. ശ്രീധരൻ പറഞ്ഞു.

38 ദിവസങ്ങളായി നഗരസഭ നേരിട്ട് നടത്തിയ സമൂഹ അടുക്കളയിൽ നിന്നും ഇരുപതിനായിരം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. രണ്ടു നേരത്തെ ഊണിന് പുറമെ പ്രാതലായി 3800 പേർക്കും ഭക്ഷണം നൽകി.

ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷരായ ബി.ജി. സദാനന്ദൻ, കൗൺസിലർമാരായ വി.സി. ഗണേശൻ, ശശി കോട്ടായി, ബീന ഡേവിസ്, എം.പി. ഭാസ്‌കരൻ, പൊതു പ്രവർത്തകരായ അഡ്വ. കെ.ബി. സുനിൽകുമാർ, യു.എസ്. അജയകുമാർ തുടങ്ങിയവരാണ് സമൂഹ അടുക്കളയിലെ സഹായികൾ. വാർഡ് തലത്തിൽ തെരഞ്ഞെടുത്ത വളണ്ടിയർമാരാണ് ഭക്ഷണപ്പൊതികൾ എത്തിച്ചത്.