തൃശൂർ: രാജ്യത്ത് ലോക്ക് ഡൗൺ കാലാവധി മേയ് 17 വരെ നീട്ടിയ സാഹചര്യത്തിൽ ജില്ലയിൽ നിർമ്മാണ പ്രവൃത്തികൾക്ക് അനുവദിച്ച പാസിന്റെ കാലാവധി മേയ് 10 വരെ നീട്ടി. കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ചെറുകിട നിർമ്മാണ പ്രവൃത്തികൾ നിറുത്തിവെച്ചിരുന്നു.
ഇതുമൂലം പാതിവഴിയിൽ നിർമ്മാണ പ്രവർത്തനം നിറുത്തിയവർക്കും മഴയ്ക്ക് മുമ്പ് വീടുകൾ പൊളിച്ച് മേയുന്നവർക്കുമാണ് സർക്കാർ മേയ് മൂന്ന് വരെ കെട്ടിട നിർമ്മാണ പാസ് അനുവദിച്ചിരുന്നത്. നിർമ്മാണ സാമഗ്രികൾ നശിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം പാലിച്ചുകൊണ്ടുള്ള നിർമ്മിതികൾക്ക് ജില്ലാ തലത്തിൽ അനുമതി നൽകിയത്. രാജ്യത്ത് ലോക് ഡാൺ നീട്ടിയ സാഹചര്യത്തിൽ കെട്ടിട നിർമ്മാണത്തിന് അനുവദിച്ച പാസ് ഉപയോഗിച്ച് 10 വരെ നിർമ്മണ പ്രവൃത്തികൾ തുടരാമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. ഇതു വരെ കെട്ടിട നിർമ്മാണത്തിനായി കളക്ട്രേറ്റിൽ നിന്ന് 250 പാസുകൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ 18 പാസ് സ്‌കൂൾ, റോഡ്, വാട്ടർ അതോറിറ്റി, റെയിൽ വേ, നഗരസഭ കെട്ടിട നിർമ്മാണം തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾക്കായി അനുവദിച്ചവയാണ്. പത്തിൽ കൂടുതൽ പേർ നിർമ്മാണ പ്രവൃത്തിയിൽ ഏർപ്പെടുന്നതിന് ജില്ലാ കളക്ടറേറ്റും പത്തിൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്നതിനായി അതാത് താലൂക്കിലെ തഹസിൽദാർമാരുമാണ് അനുമതി നൽകുന്നതെന്ന് നോഡൽ ഓഫീസർ അറിയിച്ചു. അപേക്ഷ ഫോം thrissur.nic.in എന്ന വെബ് സെറ്റിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ C19tcr@gmail.com എന്ന മെയിലിൽ അയയ്ക്കാം. നമ്പർ: കളക്ടറേറ്റ്: 0487 236 61063