ചാലക്കുടി: കനത്ത കാറ്റിൽ മേലൂർ പഞ്ചായത്തിൽ വീണ്ടും കൃഷിനാശം. പിണ്ടാണിയിലെ ഏക്കർ കണക്കിന് കപ്പക്കൃഷിയും വാഴകളും ഒടിഞ്ഞു വീണു. ഇക്കുറിയും പൂലാനിയിലെ പെരിങ്ങാത്ര മോഹനന് കനത്ത കൃഷിനാശമുണ്ടായി. കരിങ്ങാമ്പിള്ളി പാടത്തെ ഇയാളുടെ കൃഷിയിടത്തിൽ അയ്യായിരത്തോളം കപ്പകൾ കാറ്റിൽ കൂപ്പുകുത്തി. ഇരുപതോളം വാഴകൾ കടപുഴകി.
അഞ്ഞൂറിലധികം നേന്ത്രവാഴകളും കാറ്റിൽ ആടിയുലഞ്ഞു. താഴെ വീണില്ലെങ്കിലും ഇവയ്‌ക്കെല്ലാം ഇനി കൃത്യമായ വളർച്ചയും ഉണ്ടാകില്ല. കവുങ്ങ് ഒടിഞ്ഞു വീണ് സമീപത്തുണ്ടായിരുന്ന ഒരു ട്രില്ലറും നശിച്ചു. രണ്ടാഴ്ച മുമ്പുണ്ടായ ചുഴലിക്കാറ്റിലും മോഹനന്റെ രണ്ടായിരം കപ്പയും നിരവധി വാഴകളും ഒടിഞ്ഞു വീണിരുന്നു.
വ്യാഴാഴ്ചയിലെ കാറ്റിൽ കിഴക്കനേടത്ത് ജോസഫിന്റെ കൊള്ളിത്തോട്ടവും നശിച്ചു. പിണ്ടാണി ഭാഗത്തെ മറ്റു നിരവധി കാർഷിക വിളകളും കാറ്റിൽ നിലം പതിച്ചു. രണ്ടു വർഷം മുമ്പുള്ള പ്രളയം മുതൽ ഇതുവരെ കൃഷി രംഗരത്ത് നഷ്ടം മാത്രമാണുണ്ടായതെന്ന് മോഹനൻ പറയുന്നു.