തൃശൂർ: ജില്ലയിൽ നിലവിൽ വീടുകളിൽ 934 പേരും ആശുപത്രികളിൽ 13 പേരും ഉൾപ്പെടെ ആകെ 947 പേർ നിരീക്ഷണത്തിൽ. ഏഴ് പേരെ ഞായറാഴ്ച ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ പുതുതായി മൂന്ന് പേരെ പ്രവേശിപ്പിച്ചു. ഞായറാഴ്ച 19 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 1290 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതിൽ 1259 സാമ്പിളുകളുടെ പരിശോധനാഫലം വന്നിട്ടുണ്ട്. ഇനി 31 സാമ്പിളിന്റെ ഫലം ലഭിക്കാനുണ്ട്. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സാമ്പിൾ പരിശോധന ഊർജിതപ്പെടുത്തുന്നതിനോട് അനുബന്ധിച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിലെ 254 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ, പൊലീസുകാർ, ശക്തൻ മാർക്കറ്റിലെ കച്ചവടക്കാർ, റേഷൻ കടകളിലെ ജീവനക്കാർ, അതിഥി തൊഴിലാളികൾ, 60 വയസിന് മുകളിലുള്ളവർ, ചികിത്സയുമായി ബന്ധമില്ലാത്ത ആശുപത്രികളിലെ ജീവനക്കാർ, അന്തർ സംസ്ഥാന യാത്രക്കാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ സാമ്പിളുകളാണ് പരിശോധിക്കുന്നത്.