കൊടുങ്ങല്ലൂർ: മഴക്കാലവും അത് സൃഷ്ടിക്കുന്ന പകർച്ചവ്യാധികളും തടയുന്നതിനായി സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായ പൊതുസ്ഥല ശുചീകരണത്തിന് കൊടുങ്ങല്ലൂരിൽ തുടക്കം. ഗാർഹിക ശുചീകരണം, ബുധനാഴ്ച സ്ഥാപന ശുചീകരണം, ഞായറാഴ്ച പൊതുസ്ഥല ശുചീകരണം എന്ന ക്രമത്തിൽ ഡ്രൈ ഡേ ആചരണം നടത്തണമെന്ന് നഗരസഭാ ചെയർമാൻ കെ.ആർ.ജൈത്രൻ അഭ്യർത്ഥിച്ചു.
വാർഡ് തല ആരോഗ്യ ശുചിത്വ സമിതിയുടെ ആഭിമുഖ്യത്തിൽ നഗരത്തിലെ മുഴുവൻ വീടുകളിലും ആരോഗ്യ പ്രവർത്തകരുടെ
ശുചിത്വ മാപ്പിംഗ് ഇതിനകം പൂർത്തിയാക്കി. കടകളും വീടുകളും അടക്കം 19,715 കെട്ടിടങ്ങൾ ആരോഗ്യപ്രവർത്തകർ പരിശോധിച്ച് ശുചിത്വ മാപ്പിംഗ് നടത്തി.
ജൈവമാലിന്യം വീടുകളിൽ തന്നെ സംസ്കരിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താത്തവർ, അജൈവ മാലിന്യം ഹരിതകർമ്മസേനയ്ക്ക് നൽകാതെ അലക്ഷ്യമായി വലിച്ചെറിയുന്നവർ, പരിസരത്ത് മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കുന്നവർ തുടങ്ങിയവരുടെ വിവരങ്ങൾ ഈ സർവേയിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കനത്ത പിഴ ഈടാക്കുമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും നഗരസഭ സെക്രട്ടറി അഡ്വ. ടി.കെ. സുജിത് അറിയിച്ചു.
തുച്ഛമായ നിരക്കിൽ പൈപ്പ് കമ്പോസ്റ്റ്, ബയോ ഡൈജസ്റ്റർ പോട്ട്, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയ ഗാർഹിക മാലിന്യ സംസ്കരണ സംവിധാനങ്ങൾ നൽകുന്നതിന് നഗരസഭ സന്നദ്ധമാണെന്നും അവ സ്ഥാപിച്ചു തുടർനടപടികൾ ഒഴിവാക്കേണ്ടതാണ്. നഗരസഭയ്ക്ക് ഒപ്പം ആരോഗ്യ വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലെ ഡോക്ടർമാരും നഗരസഭാ ആയുഷ് വിഭാഗവും മറ്റു സർക്കാർ സംവിധാനങ്ങളും ഒരുമിച്ചു ചേർന്നാണ് ആരോഗ്യജാഗ്രത 2020 പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.
കർമ്മ പദ്ധതി ഇങ്ങനെ
എല്ലാ ആഴ്ചയിലും കൂത്താടികളെ നശിപ്പിക്കാൻ കഴിഞ്ഞാൽ കൊതുകുകളുടെ എണ്ണം നിയന്ത്രിക്കാം
ഇതിലൂടെ ഡെങ്കു, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാം
പരിസരം മാലിന്യമുക്തമാക്കുന്നതും മാലിന്യം വലിച്ചെറിയുന്നതും ഒഴിവാക്കിയാൽ എലി, ഈച്ച തുടങ്ങിയവയെ നിയന്ത്രിക്കാം. ഇതുവഴി എലിപ്പനി, കോളറ തുടങ്ങിയവയെ നിയന്ത്രിക്കാം
ബോധവത്കരണത്തിന് 44 വാർഡുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ ആരോഗ്യ-ശുചിത്വ സമിതി