തൃശൂർ: തൃശൂരിൽ നിന്നുള്ള ആദ്യ അന്യസംസ്ഥാന തൊഴിലാളി സംഘം ട്രെയിനിൽ യാത്രയായി. തൃശൂരിൽ നിന്നും ബീഹാറിലേക്കുള്ള ആദ്യ ട്രെയിൻ ഞായറാഴ്ച വൈകീട്ട് 5.15 ഓടെ യാത്ര തിരിച്ചു. തൊഴിലാളികളായ 1,143 പേരാണ് ലോക് ഡൗൺ ഇളവിന്റെ ഭാഗമായി ജന്മദേശത്തേക്ക് യാത്ര തിരിച്ചത്.

കൈക്കുഞ്ഞുങ്ങളുൾപ്പെടെ കുടുംബാംഗങ്ങളോടൊത്തായിരുന്നു പലരുടെയും മടക്കയാത്ര. മന്ത്രി എ.സി മൊയ്തീൻ, ഗവ. ചീഫ് വിപ്പ് അഡ്വ.കെ. രാജൻ, ടി.എൻ പ്രതാപൻ എം.പി, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ഡി.ഐ.ജി എസ്. സുരേന്ദ്രൻ, ജില്ല പൊലീസ് മേധാവികളായ ആർ. ആദിത്യ, കെ.പി വിജയകുമാരൻ തുടങ്ങിയവർ യാത്രയാക്കാനെത്തി. വൈകിട്ട് 5ന് പുറപ്പെടേണ്ട ട്രെയിൻ വലിയ കാലതാമസമില്ലാതെ 5.15ന് തന്നെ പുറപ്പെട്ടു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പ്രസാദ്, ജില്ലാ ലേബർ ഓഫീസർ ടി.ആർ രജീഷ് എന്നിവർക്കായിരുന്നു യാത്രയുടെ എകോപന ചുമതല. അതിരാവിലെ തന്നെ ലേബർ ക്യാമ്പുകളിലും മറ്റ് താമസ സ്ഥലങ്ങളിലുമെത്തി തൊഴിലാളികളെ യാത്രാ സജ്ജരാക്കുന്നതിൽ ജില്ലയിലെ പൊലീസ് സംവിധാനവും മുഖ്യ പങ്ക് വഹിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 30 കെ.എസ്.ആർ.ടി.സി ബസുകളിലാണ് തൊഴിലാളികളെ തൃശൂർ റെയിൽവെ സ്റ്റേഷനിലെത്തിച്ചത്. രാവിലെ മുതൽ ക്യാമ്പുകളിൽ ആരംഭിച്ച രജിസ്‌ട്രേഷനും ആരോഗ്യ പരിശോധനയും ഉച്ചയോടെ പൂർത്തിയായി. തുടർന്ന് പട്ടികയനുസരിച്ച് ഉദ്യോഗസ്ഥർ ടിക്കറ്റ് ബുക്ക് ചെയ്തു. തൊഴിലാളികൾക്ക് റെയിൽവെ സ്റ്റേഷനിൽ വച്ച് ടിക്കറ്റ് കൈമാറി. കുപ്പിവെള്ളം, ലഘുഭക്ഷണം, മാസ്‌ക് എന്നിവയും നൽകി. എല്ലാവരെയും സാനിറ്റൈസ് ചെയ്തതിന് ശേഷമാണ് പ്ലാറ്റ്‌ഫോമിലേക്ക് കടത്തിവിട്ടത്. ആരോഗ്യ - സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ഇത്. പൊലീസ് സഹായത്തോടെ കൃത്യമായി ശാരീരിക അകലം പാലിച്ച് വരിവരിയായാണ് തൊഴിലാളികളെ കടത്തിവിട്ടത്. തുടർന്ന് വൈകീട്ട്. 5.15 ന് ട്രെയിൻ തൃശൂർ സ്റ്റേഷൻ വിട്ടു. യാത്ര പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കിയ ഉദ്യോഗസ്ഥരെയും അതിന് നേതൃത്വം നൽകിയ ജില്ലാ ഭരണകൂടത്തെയും മന്ത്രി എ.സി മൊയ്തീൻ അഭിനന്ദിച്ചു.