മാള: കുഴൂരിൽ പ്രളയം വന്ന വഴിയിൽ കരുതലായി നടപടി തുടങ്ങി. കരിക്കാട്ടുചാലിലൂടെയാണ് കുഴൂരിലേക്ക് പ്രളയജലം ഒഴുകിയെത്തിയത്. പുല്ലും കുറ്റിച്ചെടികളും ചെളിയും നിറഞ്ഞ ചാൽ വേഗത്തിൽ കവിഞ്ഞൊഴുകിയതാണ് പ്രളയത്തിന്റെ വേഗം വർദ്ധിപ്പിച്ചത്.
വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാതെ ചാൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ കര കവിഞ്ഞു. ചാലക്കുടിപ്പുഴയിൽ കല്ലൂരിൽ നിന്ന് തുടങ്ങുന്ന ചാൽ അതേ പുഴയിലെ കുണ്ടൂരിൽ ചേരും. പ്രളയം ചതിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് കൃഷി വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ചാൽ ശുചീകരിക്കുന്നത്.
അന്നമനട, മാള, കുഴൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 11 കിലോമീറ്ററോളം നീളമുള്ള ഈ ചാൽ ആഴം വീണ്ടെടുത്ത് സംരക്ഷിക്കുന്നത് പ്രളയ ജലത്തിന് മാത്രമല്ല കാർഷിക ആവശ്യത്തിനും ഏറെ പ്രയോജനപ്പെടും. ജലസേചനത്തിനായി ചാലിൽ 12 പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. വിവിധ പദ്ധതികളിലായി 750 എച്ച്.പിയുടെ മോട്ടോറുകളാണ് പ്രവർത്തിപ്പിക്കുന്നത്.
കൃഷി ആവശ്യങ്ങൾക്കായി സ്വകാര്യ വ്യക്തികൾ നിരവധി മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഒട്ടേറെ മത്സ്യ സമ്പത്തുള്ള ചാലിനെ ആശ്രയിക്കുന്ന നിരവധി പേരാണുള്ളത്. മഴക്കാലത്ത് വെള്ളം യഥേഷ്ടം ഒഴുകിപ്പോകുന്നതിനും വേനലിൽ ജലസേചന സൗകര്യത്തിനുമുള്ള ഈ പ്രദേശത്തുകാരുടെ ഏക ആശ്രയമാണ് കരിക്കാട്ടുചാൽ. മഴക്കാലവും വീണ്ടുമൊരു പ്രളയവും വന്നാൽ തടയാനുള്ള മുന്നൊരുക്കവുമായാണ് ഇപ്പോൾ കരിക്കാട്ടുചാലിനെ മിനുക്കുന്നത്.