തൃശൂർ: ലോക്ക് ഡൗണിൽ മാസ്‌ക് നിർബന്ധമാക്കുമ്പോൾ, വിയ്യൂർ ജയിലിൽ നിർമ്മിക്കുന്ന മാസ്‌കുകളുടെ എണ്ണം ലക്ഷത്തിലേക്ക്. പ്രതിദിനം നിർമ്മിക്കുന്നത് 2500ലേറെ മാസ്‌കുകൾ. 30 തടവുകാരാണ് രാപ്പകലില്ലാതെ മാസ്‌ക്, സാനിറ്റൈസർ നിർമ്മാണത്തിനുള്ളത്. ജയിലിന് മുന്നിലെ കൗണ്ടറിൽ നിന്ന് മാസ്‌കുകളും ഫ്രീഡം സാനിറ്റൈസറും വിൽക്കുന്നുമുണ്ട്. കൗണ്ടറിൽ നിന്നും ഒരാൾക്ക് ഒരു മാസ്‌ക് മാത്രമേ ലഭിക്കൂ. വീണ്ടും ഉപയോഗിക്കാവുന്ന തുണി കൊണ്ടുള്ളതും ഡിസ്‌പോസിബിളുമായ മാസ്‌കുകളാണ് നിർമ്മിക്കുന്നത്. മാർച്ചിലാണ് അന്തേവാസികൾ മാസ്‌ക് തുന്നാൻ തുടങ്ങിയത്. കൊവിഡ് വ്യാപനം കൂടിയപ്പോൾ മാസ്‌ക് നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിലായി. പരോളിലിറങ്ങിയവരും തയ്യൽ മെഷിൻ പുറത്തെടുത്തു. ജയിലുകളിൽ സാമൂഹിക അകലം പാലിക്കാനായി പരോൾ അനുവദിച്ചിരുന്നു. സാനിറ്റൈസർ നിർമ്മാണത്തിന്, സെന്റ് തോമസ് കോളേജ് ഡിപ്പാർട്ട്‌മെന്റ് ഒഫ് കെമിസ്ട്രി റിസർച്ച് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ജയിൽ ജോയിന്റ് സൂപ്രണ്ട് ആർ.എസ് രാജേഷ് കുമാറും മാസ്‌കിന് ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് എം.എം ഹാരിസുമാണ് മേൽനോട്ടം വഹിക്കുന്നത്.
പരോളിൽ കുടുംബം പോറ്റാൻ
വിയ്യൂർ ജയിലിലെ കൈത്തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി പരോളിലും മാസ്‌ക് തയ്ക്കുകയാണ് ജീവപര്യന്തം തടവുകാരനായ തോമസ്. ദിവസവും 750 ഓളം മാസ്‌ക്കുകളാണ് കൊരട്ടിയിലെ വീട്ടിലിരുന്ന് തുന്നുന്നത്. സഹായത്തിനായി ഭാര്യയും സുഖമില്ലാത്ത മകനുമുണ്ട്. ജയിലിൽ വച്ച് തയ്യൽ ഫാഷൻ ടെക്‌നോളജി കോഴ്‌സിൽ തോമസ് പങ്കെടുത്തിരുന്നു. ഇത് തുണയായി. പരോളിലെത്തിയതോടെ വരുമാനം ഇല്ലാതെയായി. പുറത്തുപോയി കൂലിപ്പണി ചെയ്യാനുമാവില്ല. അപ്പോഴാണ് പഴയ തയ്യൽ മെഷിൻ പൊടിതട്ടിയെടുത്ത് പണി തുടങ്ങിയത്. പരിചയക്കാരനായ വ്യാപാരിയിൽ നിന്ന് തുണി വാങ്ങി. അയൽക്കാരും നാട്ടുകാരുമായി ആവശ്യക്കാരേറെയുണ്ട്. മാസ്‌ക് നിർമ്മിച്ച് താൻ കുടുംബം പോറ്റുന്ന കാര്യം ജയിൽ സൂപ്രണ്ടിനെയും തോമസ് അറിയിച്ചു. ഏപ്രിൽ രണ്ടാം വാരത്തിലാണ് പരോൾ കിട്ടിയത്.
വില:
തുണി കൊണ്ടുള്ളത് 10 രൂപ.
ഡിസ്‌പോസബിൾ 5 രൂപ.
സാനിറ്റൈസർ 100 മില്ലി 100 രൂപ.
വിൽപ്പനയ്ക്കുള്ളത് 300 ബോട്ടിൽ
'' 85,000 മാസ്‌കുകൾ നിർമ്മിച്ചു. നാലു ദിവസത്തിനുള്ളിൽ ലക്ഷം തികയും. ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യതയുണ്ട്. എല്ലാം ഉടൻ വിറ്റുപോകുന്നുമുണ്ട്. ''
നിർമ്മലാനന്ദൻ നായർ, ജയിൽ സൂപ്രണ്ട്