കൊടകര: മാസ്‌ക് മുതൽ പച്ചക്കറി വരെ അണുവിമുക്തമാക്കാവുന്ന ചേംബറുമായി കൊടകര സഹൃദയ എൻജിയറിംഗ് കോളേജിലെ സഹൃദയ ടെക്‌നോളജി ബിസിനസ് ഇൻക്യൂബേറ്ററിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി. വൈറസ് അടക്കമുള്ള അണുക്കളെ അൾട്രാ വയലറ്റ് വികിരണവും ഓസോൺ വാതകവും ഉപയോഗിച്ചാണ് അണുവിമുക്തമാക്കുന്നത്. സഹൃദയ സ്റ്റാർട്ടപ്പും കളമശ്ശേരി മേക്കർ വില്ലേജും ആയി സഹകരിച്ചു പ്രവർത്തിക്കുന്ന ദേവാഡിറ്റെക് ഇന്നൊവേഷൻസ് ആണ് ഈ ആണുനശീകരണ ചേംബർ നിർമിച്ചത്.
കൊവിഡ് വാർഡിൽ ആരോഗ്യപ്രവർത്തകർ ഉപയോഗിക്കുന്ന എൻ 95 മാസ്‌കുകളും മറ്റു സുരക്ഷാ ഉപകരണങ്ങളും അവരുടെ മൊബൈൽ ഫോൺ വരെ ഈ ചേംബറിൽ കുറഞ്ഞ സമയം കൊണ്ട് അണുവിമുക്തമാക്കാം. സാധാരണഗതിയിൽ ഉപയോഗ ശേഷം ഉപേക്ഷിക്കേണ്ട ഇത്തരം മാസ്‌കുകൾ സുരക്ഷിതമായി പുനരുപയോഗിക്കുവാനും സാധിക്കും. വീടുകളിലും, സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും സുരക്ഷിതമായി ഈ ചേംബർ സ്ഥാപിക്കാനും ഉപയോഗിക്കാനും സാധിക്കും. വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയെല്ലാം ഇത് ഉപയോഗിച്ച് അണുവിമുക്തമാക്കാം. മറ്റു പാരമ്പര്യ അണുനശീകരണ മാർഗങ്ങളെ പോലെ പരിസ്ഥിതിക്കോ മനുഷ്യർക്കോ ഇത് അപകടകാരി അല്ല ഈ ചേംബർ. പതിനായിരം രൂപയിൽ താഴെയെ ഇത് നിർമിക്കാൻ ചിലവ് വരൂ.
സഹൃദയയിൽ ബയോമെഡിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്ന ജിയോ ലിയാന്റൽ ലോറൻസ്, സുമിത് സി. മോഹൻ, മനോജ് മേനോൻ, സുജേഷ് സുരേന്ദ്രൻ, വിവേക് സിംഗ്, ടി.പി. രബീഷ് തുടങ്ങിയവരടങ്ങുന്ന ദേവാഡിറ്റെക് ഇന്നോവേഷൻസ് ടീമാണ് ചേംബർ രൂപകൽപ്പന ചെയ്തത്. ഓർബിസ് ഓട്ടോമോട്ടീവ്‌സ്, കരുനാഗപ്പള്ളി സെന്റർ ഫൊർ ഇന്റഗ്രേറ്റഡ് റിസർച്ച് ആൻഡ് ട്രെയിനിംഗ് എന്നീ സ്ഥാപനങ്ങൾ നിർമാണത്തിൽ പങ്കാളികൾ ആയി.
സഹൃദയയിലെ ബയോമെഡിക്കൽ ഡിപാർട്ട്‌മെന്റിൽ അസിസ്റ്റന്റ് പ്രൊഫ. ജിബിൻ ജോസ്, പുഷ്പഗിരി മെഡിക്കൽ കോളേജിലെ അസി. പ്രൊഫ. ഡോ. വർഗീസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ ചേംബറിന്റെ അവസാനഘട്ട പരിശോധനകൾ നടന്നു. ക്ലിനിക്കൽ വാലിഡേഷന് ശേഷം ഉടൻ ചേംബർ വിപണിയിൽ ഇറക്കാൻ തയാറെടുക്കുകയാണ് ഈ സ്റ്റാർട്ടപ്പ്. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന മെഡിക്കൽ കോളജുകൾക്ക് അണുവിമുക്ത ചേംബർ സൗജന്യമായി നല്കാനും ഇവർക്ക് പദ്ധതിയുണ്ട്.