*എക്സൈസ് സംഘം പിന്തുടർന്നെങ്കിലും പിടി കൂടാനായില്ല
തൃശൂർ \ പുതുക്കാട്: പാലക്കാട് നിന്ന് ചാലക്കുടിയിലേക്ക് സ്പിരിറ്റുമായെത്തിയ പിക്കപ്പ് വാഹനം, എക്സൈസ് ജീപ്പിനെക്കണ്ട് പാലിയേക്കര ടോൾ ബൂത്തിലെ ക്രോസ് ബാർ ഇടിച്ച് തകർത്ത് കടന്നു.വടക്കഞ്ചേരി വരെ നാല്പത് കിലോമീറ്ററോളം പിന്തുടർന്നെങ്കിലും എക്സൈസിന് വാഹനം പിടി കൂടാനായില്ല. വാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി.
പുലർച്ചെ മൂന്നോടെ ദേശീയപാതയിലെ ഹോട്ടലിന് മുന്നിലായിരുന്നു വാഹനം കിടന്നിരുന്നത്. എക്സൈസ് സംഘമെത്തിയതോടെ ലോറി ദേശീയ പാതയിലൂടെ പാലക്കാട് ഭാഗത്തേക്ക് പാഞ്ഞു.തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇൻസ്പെക്ടർ ജീപ്പുമായി പിന്തുടർന്നു. പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ ബൂത്ത് അടയ്ക്കുന്ന ക്രോസ് ബാർ ഇടിച്ച് തെറുപ്പിച്ച് വാഹനം കടന്നു പോയി. രണ്ടു പേർ ലോറിയിലുണ്ടായിരുന്നുവെന്നാണ് വിവരം. ടോൾ പ്ളാസയിലെ കാമറയിൽ ദൃശ്യം പതിഞ്ഞിട്ടുണ്ട്.പട്ടിക്കാട് സെന്ററിൽ എട്ടംഗ പൊലീസ് സംഘം വാഹനം തടയാൻ ശ്രമിച്ചെങ്കിലും പിടി കിട്ടിയില്ല. കുതിരാൻ ഭാഗത്തു നിന്ന് യുടേൺ എടുത്ത ലോറി, തൃശൂർ ഭാഗത്തേക്ക് തിരികെ മടങ്ങി.പിന്നീട് മംഗലം ഡാമിലേക്കുള്ള ചെറിയ റോഡിൽ എട്ടു കിലോമീറ്റർ കടന്ന ശേഷം അപ്രത്യക്ഷമായി.
ചാലക്കുടിയിലെ ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ സ്പിരിറ്റ് കൈമാറ്റം നടക്കുന്നതായി രഹസ്യവിവരം ലഭിച്ച എക്സൈസ് റേഞ്ച് സംഘം. 15 മിനിറ്റിനുള്ളിൽ സ്ഥലത്തെത്തിയിരുന്നു. ചാലക്കുടിയിൽ വച്ചു തന്നെ പൊലീസിനെയോ മറ്റ് ഉന്നത ഉദ്യോഗസ്ഥരെയോ അറിയിച്ചിരുന്നെങ്കിൽ വാഹനം പിടികൂടാമായിരുന്നുവെന്നും, തനിയെ പിടികൂടാനുള്ള അങ്കമാലി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണിയുടെ ശ്രമമാണ് വാഹനം രക്ഷപ്പെടാൻ ഇടയാക്കിയതെന്നും ആക്ഷേപമുണ്ട്. പാലിയേക്കര കഴിഞ്ഞ ശേഷം പൊലീസ് കൺട്രോൾ റൂമിൽ എക്സൈസ് ഇൻസ്പെക്ടർ വിവരം നൽകിയപ്പോഴാണ് പൊലീസ് സംഭവമറിയുന്നത്.