കൊടുങ്ങല്ലൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും നഗരസഭയിലെ വിവിധ സേവനങ്ങളും ജനങ്ങളിലെത്തിക്കുന്നതിന് പുതിയ മൊബൈൽ ആപ്‌ളിക്കേഷൻ നിലവിൽ വന്നു. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ, സർക്കാർ- നഗരസഭാ അറിയിപ്പുകൾ, സർക്കാരിന്റെ തത്സമയ വിവരങ്ങൾ, രോഗബാധിതരുടെ എണ്ണം, ലോക്ക് ഡൗൺ വ്യവസ്ഥകൾ, മുഖ്യമന്ത്രിയുടെ തത്സമയ പത്രസമ്മേളനം തുടങ്ങിയവ ഈ ആപ്പിൽ നിന്ന് പൊതുജനങ്ങൾക്ക് അറിയാം. കുന്നുകര എം.ഇ.എസ്. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളാണ് ഈ ആപ് രൂപകൽപ്പന ചെയ്തത്.
നഗരസഭ നൽകുന്ന വിവിധ സേവന പ്രവർത്തനങ്ങൾ, നഗരസഭയുടെ അടിസ്ഥാന വിവരങ്ങൾ, വാർഡ് അടിസ്ഥാനത്തിലുള്ള വിവരങ്ങൾ, കൗൺസിലർമാർ, അവരുടെ ഫോൺ നമ്പറുകൾ, അവരെ നേരിട്ട് ഫോൺ ചെയ്യുവാനുള്ള സൗകര്യം, ആശാ വർക്കർമാർ, നഗരത്തിലെ ആംബുലൻസ് ഫോൺ നമ്പറുകൾ, ഓട്ടോ ടാക്‌സി, ഇലക്ട്രീഷ്യൻ, ഡോക്ടർമാർ, കൂലിപ്പണിക്കാർ തുടങ്ങി വിവരങ്ങളെല്ലാം ആപ്പിൽ ലഭ്യമാകും.
വസ്തു നികുതി ഉൾപ്പെടെ വിവിധ സേവനങ്ങൾക്കുള്ള പണം ഓൺലൈനായി അടയ്ക്കാം. വാർത്താ ചാനലുകളുടെ പരിപാടികളും തത്സമയം കാണാം. പൊതുജനങ്ങൾക്ക് പ്‌ളേ സ്റ്റോറിൽ നിന്നോ ബന്ധപ്പെട്ട ലിങ്ക് വഴിയോ ആപ്പ് ഡൗൺലോഡ് ചെയ്യാനാകും. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ മൊബൈൽ ആപ്‌ളിക്കേഷന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ഹണി പീതാംബരൻ, വി.ജി ഉണ്ണിക്കൃഷ്ണൻ, പി.എൻ രാമദാസ്, സി.കെ രാമനാഥൻ, തങ്കമണി സുബ്രഹ്മണ്യൻ, കോളേജ് പ്രിൻസിപ്പൽ ഡോ. ആത്മാറാം, സെക്രട്ടറി അബ്ദുൾ സലാം തുടങ്ങിയവർ പ്രസംഗിച്ചു. ആപ്പ് വികസിപ്പിച്ച വിദ്യാർത്ഥികളായ സജിത് ലാൽ, ഫാരിസ്, ഫയാസ്, അമൽ, ദിവേക് എന്നിവരെ ചെയർമാൻ ആദരിച്ചു.
പരാതി പറയാനും അവസരം
പ്രത്യേക ടാബ് വഴി ജനങ്ങൾക്ക് അവരുടെ പരാതികൾ അയക്കാം. സമൂഹ അടുക്കള, അഗതി വയോജന കേന്ദ്രങ്ങൾ, രജിസ്റ്റർ ചെയ്ത റസിഡൻസ് അസോസിയേഷനുകൾ, താലൂക്കാശുപത്രി, പി.എച്ച്.സി. സേവനങ്ങൾ തുടങ്ങിയ വിവരങ്ങളും ആപ്പിൽ ചേർക്കും.