പാവറട്ടി: കേരളീയ തനിമയിൽ ദൃശ്യചാരുത പകരുന്ന പരമ്പരാഗത കേരളീയ കലകൾക്ക് ചുമർചിത്ര ശൈലിയിൽ ചിത്ര സാക്ഷാത്കാരം. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം അദ്ധ്യാപകൻ എം. നളിൻ ബാബുവിന്റെ നേതൃത്വത്തിൽ ശിഷ്യരായ ജയൻ അക്കിക്കാവ്, സൂരജ് രാജൻ എന്നിവരുടെ സഹായത്തോടെയാണ് 19 അടി നീളത്തിലും 6 അടി ഉയരത്തിലും വരുന്ന ചിത്രരചന കാൻവാസിൽ പൂർത്തിയാക്കിയത്.

ചെണ്ടയും മദ്ദളവും വാദ്യമേളമായി കഥകളി, തിരുവാതിരകളി, മോഹിനിയാട്ടം, തെക്കൻ നാട്ടിലെ നാടൻകലയായ പടയണി, വടക്കേ മലബാറിലെ തെയ്യക്കോലം, വടക്കുനാഥ ക്ഷേത്രത്തിന്റെ തെക്കെ ഗോപുരത്തിലെ തൃശൂർ പൂരം എഴുന്നള്ളിപ്പ്, വള്ളംകളി എന്നിവയാണ് ചുമർ ചിത്രങ്ങളിലെ പഞ്ചവർണ്ണങ്ങളുടെ മിഴിവിൽ ഒരുക്കിയിരിക്കുന്നത്.

മുത്തുക്കുടകളും നെറ്റിപ്പട്ടവുമായി ചെണ്ട വാദ്യകലാകാരൻമാരുടെ വാദ്യമേളങ്ങളോടെ ഉള്ള ഗജവീരൻമാരുടെ എഴുന്നള്ളിപ്പായാണ് തൃശൂർ പൂരം ചിത്രീകരിച്ചിരിക്കുന്നത്. ആർത്തുല്ലസിക്കുന്ന തുഴക്കാരുടെ മത്സരമായാണ് വള്ളംകളിക്ക് ദൃശ്യഭംഗി നൽകിയത്. ക്ഷേത്രകലയായ ചുമർചിത്രങ്ങളിൽ അനുവർത്തിക്കേണ്ട ശൈലി ഭേദങ്ങളിൽ മാറ്റം വരുത്തി കലാകാരന്റ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രരചന.

പ്രകൃതിയുടെ ഹരിതാഭമായ വർണ്ണപ്പൊലിമയിൽ തെങ്ങുകളും മരങ്ങളും പക്ഷികൾ, വെള്ളം, താമര എന്നിവയെല്ലാം ചിത്രത്തിൽ വരച്ചു ചേർത്തിട്ടുണ്ട്. 25 വർഷത്തിലധികമായി നിരവധി ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും ചുമർചിത്രരചന നടത്തിയിട്ടുള്ള നളിൻബാബു കവി കെ.ബി. മേനോന്റെ മകനും ചുമർചിത്രകലാ ആചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ ശിഷ്യനുമാണ്.

കലാകാരന്റ ചിന്താധാരക്ക് കൂടുതൽ പ്രാധാന്യം നൽകി ചുമർചിത്രത്തിന്റെ പഞ്ചവർണ്ണങ്ങളിലുള്ള ചിത്രം ഒഴിവു സമയം ഉപയോഗപ്പെടുത്തിയാണ് പൂർത്തിയാക്കിയത്.

- എം.നളിൻബാബു, ചിത്രകാരൻ

കാപ്

ചിത്രകാരൻ എം.നളിൻ ബാബുവും ശിഷ്യന്മാരും ചിത്രരചനയിൽ