പാവറട്ടി: കോളേജ് അടച്ചിട്ടും പരീക്ഷ മാറ്റിവച്ചിട്ടും സ്വന്തം വീട്ടിൽ പോകാൻ കഴിയാതെ ദുരിതത്തിലാണ് പുറനാട്ടുകര കേന്ദ്രീയ സംസ്‌കൃത സർവകലാശാലയിലെ 68 ഇതര സംസ്ഥാന വിദ്യാർത്ഥികൾ. സംസ്‌കൃത സർവകലാശാലയുടെ ഗുരുവായൂർ കാമ്പസിലെ ബി.എഡ്. വിദ്യാർത്ഥികളാണ് ദുരിതത്തിലായത്. 50 പേർ വിദ്യാർത്ഥിനികളാണ്.

പെൺകുട്ടികൾ കാമ്പസിന് സമീപം വീടുകൾ വാടകയ്ക്ക് എടുത്താണ് താമസിക്കുന്നത്. 18 ആൺകുട്ടികൾ സർവകലാശാലയുടെ ബോയ്‌സ് ഹോസ്റ്റലിൽ താമസിക്കുന്നു. ഹോസ്റ്റലിൽ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നു. ഭൂരിപക്ഷം വിദ്യാർത്ഥികളും ഒഡീസ സംസ്ഥാനക്കാരാണ്. പശ്ചിമ ബംഗാൾ, ബീഹാർ, മഹാരാഷ്ട എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഉണ്ട്.

സാമ്പത്തിക ബുദ്ധിമുട്ടും ശുദ്ധജല ലഭ്യതയുടെ കുറവും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ബന്ധുക്കളിൽ നിന്ന് അകന്നുനിൽക്കുന്നതിൽ മാനസിക പ്രശ്‌നങ്ങളുണ്ടെന്നും സ്വന്തം വീട്ടിൽ പോകാൻ അധികൃതർ അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് വിദ്യാർത്ഥി പ്രതിനിധികളായ മോണിക്ക ചാറ്റർജിയും രാജേന്ദ്ര സാഹുവും കേരളകൗമുദിയോട് പറഞ്ഞു.

സംസ്‌കൃത സർവകലാശാല അടയ്ക്കുകയും പരീക്ഷ നീട്ടിവയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ ഇതര സംസ്ഥാന വിദ്യാർത്ഥികൾക്ക് ജന്മനാട്ടിലേക്ക് പോകാൻ അനുമതി നൽകണമെന്ന് ബി.എഡ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സി.എച്ച്. ലക്ഷ്മി നാരായണ ശർമ്മ ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച നിവേദനം നൽകിയിട്ടുണ്ട്. കളക്ടറുടെ അനുമതിക്കായി കാത്തിരിക്കുകയാണ് നിറകണ്ണോടെ വിദ്യാർത്ഥിനികൾ.

കാപ്

പുറനാട്ടുകര സംസ്‌കൃത സർവകലാശാല ബി.എഡ് വിദ്യാർത്ഥികൾ ബോയ്‌സ് ഹോസ്റ്റിനു മുന്നിൽ.