തൃശൂർ: വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി ജില്ലയിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്കായി നിരീക്ഷണത്തിൽ കഴിയുന്നതിന് ഒരുക്കിയിട്ടുളളത് 17,122 ബെഡുകൾ. 354 കെട്ടിടങ്ങളിലായി 8,587 മുറികളിലായാണ് ഇത്രയും ബെഡ് ഒരുക്കിയിട്ടുളളത്. ഏഴ് താലൂക്കുകളിലായാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ചാലക്കുടി താലൂക്കിൽ 51 കെട്ടിടങ്ങളിലായി 1071 മുറികളുണ്ട്. ചാവക്കാട് 3401 മുറികളും കൊടുങ്ങല്ലൂരിൽ 188 മുറികളും കുന്നംകുളത്ത് 1285 മുറികളും മുകുന്ദപുരത്ത് 133 മുറികളും തലപ്പിള്ളിയിൽ 127 മുറികളും തൃശൂരിൽ 2,382 മുറികളും ഒരുക്കിയിട്ടുണ്ട്. അന്യ സംസ്ഥാനത്തു നിന്നും വരുന്നവർ എട്ട് ചെക്ക് പോസ്റ്റുകളിൽ കൂടിയാണ് എത്തുന്നത്. പ്രധാന ചെക്ക് പോസ്റ്റ് വാളയാർ ആണ്. ചെക്ക് പോസ്റ്റുകളിൽ ആരോഗ്യവകുപ്പിന്റെ സ്‌ക്രീനിംഗ് ഉണ്ട്. ഇതിൽ പനിയോ കൊവിഡ് ലക്ഷണങ്ങളോ ഉള്ള ആളുകളെ ചെക്ക് പോസ്റ്റിനു അടുത്തുള്ള കൊവിഡ് കെയർ സെന്ററുകളിൽ ക്വാറന്റൈൻ ചെയ്യും. സ്‌ക്രീനിംഗിൽ അസുഖലക്ഷണമില്ലാത്തവർ വീടുകളിലോ കൊവിഡ് കെയർ സെന്ററുകളിലോ 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. വീടുകളിൽ ശുചിമുറിയോടു കൂടിയുള്ള കിടപ്പുമുറികൾ ഉള്ളവർ അത് ഉപയോഗിക്കണം. ജില്ല ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ്, എൻ.ഐ.സി , ആയുഷ് തുടങ്ങിയ വകുപ്പുകളുമായി ചേർന്നു ഇവർക്ക് വേണ്ട സൗകര്യം ഒരുക്കിയിട്ടുണ്ട്.